ലക്‌നൗ : യുപിയില്‍ കര്‍ഷക സമരത്തിലേക്ക് കേന്ദ്ര സഹ മന്ത്രിയുടെ മകന്‍ വാഹനo ഇടിച്ചുകയറ്റിയ സംഭവത്തില്‍ മരണം എട്ടായി. നാലു കര്‍ഷകര്‍ അടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു. കോപാകുലരായ സമരക്കാര്‍ നിരവധി വാഹനങ്ങള്‍ കത്തിച്ചു. സമരക്കാര്‍ക്കുനേരെ വെടിവെപ്പുണ്ടായി. മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്ര ഒരു കര്‍ഷകനേ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം കര്‍ഷകരുടെ പ്രതിഷേധത്തിലേക്ക് വാഹനമോടിച്ചു കയറ്റുകയായിരുന്നു എന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.
ഇന്ത്യന്‍ നിയമവ്യവസ്ഥ സെക്ഷന്‍ 302 പ്രകാരം പ്രതികള്‍ക്കെതിരെ എഫ് ഐ ആര്‍ എടുക്കുക, അജയ് മിശ്രയെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുക, സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഉന്നയിച്ചു.
യു പി ഉപമുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത പരിപാടിയിലേക്ക് കര്‍ഷകര്‍ പ്രതിഷേധവുമായെത്തിയതാണ് പ്രശ്നങ്ങളില്‍ കലാശിച്ചത്. പ്രകോപിതരായ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകന്‍, ആശിഷ് മിശ്ര കര്‍ഷകന് നേരെ വെടി ഉതിര്‍ത്ത ശേഷം പ്രതിഷേധക്കാര്‍ക്ക് നേരെ വാഹനം ഓടിച്ചുകയറ്റിയെന്നാണ് ആരോപണം. ഇതോടെ നൂറു കണക്കിന് കര്‍ഷകര്‍ പ്രതിഷേധവുമായി സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.