പത്തനംതിട്ട : ഫലങ്ങള്‍ വിളവെടുപ്പിനു പാകമായതോടെ റംബുട്ടാന്‍ തോട്ടങ്ങള്‍ വലയിട്ടു സംരക്ഷിക്കുന്ന തിരക്കിലാണ് കര്‍ഷകരും കച്ചവടക്കാരും. ഇത്തവണ കായ്‌ഫലം കുറവാണെന്ന് കര്‍ഷകര്‍. വേനല്‍ അതിരൂക്ഷമായിരുന്നതിനാല്‍ മരങ്ങളില്‍ കായ്‌ഫലം തീരെയില്ല. കായ്‌ഫലമായപ്പോള്‍ ഉണ്ടായ വേനല്‍മഴയും കൃഷിയെ ബാധിച്ചു. കായ്‌ഫലത്തില്‍ നല്ലൊരു പങ്കും കൊഴിഞ്ഞു പോവുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കായ്‌ഫലം പലയിടങ്ങളിലും കുറവാണെന്ന് മൊത്ത വ്യാപാരികളും പറയുന്നു. ജില്ലയുടെ മലയോര മേഖലയിലടക്കം കൃഷി വ്യാപകമായുണ്ട്. വാണിജ്യാടിസ്‌ഥാനത്തില്‍ കൃഷി നടത്തുന്നവരും ഏറെയാണ്. വര്‍ഷത്തിലൊരിക്കലാണ് വിളവെടുപ്പെങ്കിലും വിപണിയില്‍ മെച്ചപ്പെട്ട വില ലഭിക്കുന്നുവെന്നതാണ് കര്‍ഷകര്‍ക്ക് ആദായകരം. ഓരോ വര്‍ഷവും റംബുട്ടാന്‍ കൃഷിയിലേക്ക് ആളുകള്‍ കൂടുതലായി എത്തുന്നുണ്ട്.
റബര്‍ വെട്ടിമാറ്റി റംബുട്ടാന്‍ തോട്ടമാക്കിയവരും ഉണ്ട്. ഒരേക്കര്‍ റബറില്‍ നിന്ന് ഒരുവര്‍ഷം ലഭിക്കുന്ന ലാഭം അരലക്ഷം രൂപയില്‍ താഴെയായിരിക്കും. എന്നാല്‍ റംബുട്ടാന്‍ കര്‍ഷകര്‍ക്കു ഒരു മരത്തില്‍ നിന്നു തന്നെ കുറഞ്ഞത് 10,000 രൂപയെങ്കിലും ലഭിക്കാറുണ്ട്. റാന്നി, വെച്ചൂച്ചിറ, ചിറ്റാര്‍, അയിരൂര്‍, മല്ലപ്പള്ളി, കുന്‌പനാട്, കോഴഞ്ചേരി, തിരുവല്ല ഭാഗങ്ങളിലാണ് കര്‍ഷകരേറെയുള്ളത്. റംബുട്ടാന്‍ വിളവെടുപ്പു കാലം എത്തുന്നതോടെ മൊത്ത കച്ചവടക്കാര്‍ എത്തി മരത്തിന് കായ്‌ഫലം നോക്കി വില പറയുകയാണ് രീതി. പിന്നീട് ഇവര്‍ തന്നെ വലയിട്ടു സംരക്ഷിച്ചുകൊള്ളും. കച്ചവടക്കാരേറെയും തമിഴ്‌നാട്ടുകാരാണ്. നാട്ടില്‍ നിന്നുള്ള ഫലം തമിഴ്‌നാട്ടിലേക്കാണ് ഏറെയും കൊണ്ടുപോകുന്നത്. വിളവെടുപ്പു കാലത്ത് 150 മുതല്‍ 200 രൂപവരെ ഫലത്തിന് വിപണിയില്‍ വില ഉണ്ടാകും. ചെന്നൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ ഡിമാന്‍ഡ് ഏറെയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. പ്രധാന നിരത്തുകളില്‍ പാതയോരങ്ങളില്‍ ചെറുകിട വ്യാപാരികളും എത്താറുണ്ട്.