ചാരുംമൂട് : മഫ്തിയിൽ മോട്ടോർവാഹനവകുപ്പ് നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ സ്വകാര്യബസ്സുകൾ കുടുങ്ങി. സ്വകാര്യബസ്സുകളെപ്പറ്റി മാവേലിക്കര ജോയിന്റ് ആർ.ടി.ഒ. എം.ജി. മനോജിനു കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യബസ്സുകളിൽ പരിശോധന നടത്തിയത്. എം.വി.ഐ. പ്രമോദ്, എ.എം.വി.ഐ. സജു പി. ചന്ദ്രൻ എന്നിവർ ചാരുംമൂട്ടിൽനിന്ന് വിവിധ റൂട്ടുകളിൽ യാത്ര നടത്തിയായിരുന്നു പരിശോധന. മിക്ക ബസ്സുകളുടെയും ഡ്രൈവറും കണ്ടക്ടറും യൂണിഫോം ധരിച്ചല്ല സർവീസ് നടത്തുന്നതെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ചില വാഹനങ്ങൾ അറ്റകുറ്റപ്പണികൾ നടത്താതെ സർവീസ് നടത്തുന്നതായും കണ്ടെത്തി.
വാതിലടയ്ക്കാതെ ഓടിച്ച മൂന്നു വാഹനങ്ങൾ പരിശോധനയിൽ കുടുങ്ങി. നാലു വാഹനങ്ങളിലെ കണ്ടക്ടർമാർക്ക് ലൈസൻസില്ലെന്നു കണ്ടെത്തി. മറ്റു വാഹനങ്ങൾക്ക് പോകാനാകാത്ത രീതിയിൽ സ്റ്റോപ്പുകളിൽ നിർത്തുന്ന ബസ്സുകൾക്ക് താക്കീത് നൽകി. ഇത്തരത്തിൽ ബസ് നിർത്തിയാൽ പൊതുവഴി തടസ്സപ്പെടുത്തിയതിനു കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അമിതശബ്ദത്തിൽ മ്യൂസിക് സിസ്റ്റം ഉപയോഗിച്ച രണ്ടു വാഹനങ്ങൾക്കെതിരേയും കാഴ്ചമറയ്ക്കുന്ന രീതിയിൽ മുൻഗ്ലാസിൽ സ്റ്റിക്കറൊട്ടിച്ച മൂന്നു വാഹനങ്ങൾക്കെതിരേയും നടപടിയെടുത്തു.