ന്യൂഡല്‍ഹി : കര്‍ഷക സമരത്തിനെതിരെയുള്ള കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനത്തിനെതിരെ നിലപാട് കടുപ്പിച്ച് കര്‍ഷകര്‍. സമരം കൂടുതല്‍ ശക്തമാക്കി മുന്നോട്ട് പോകാനാണ് കർഷകരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ശനിയാഴ്ച്ച രാജ്യവ്യാപകമായി വഴി തടയൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് കർഷക സംഘടനകൾ. രാവിലെ 12 മുതൽ വൈകുന്നേരം മൂന്ന് വരെ വഴിതടയൽ സമരം നടത്തും. മൂന്ന് മണിക്കൂര്‍ നേരത്തേക്കാണ് റോഡ് തടയല്‍ പ്രതിഷേധം നടക്കുക. ദേശീയ-സംസ്ഥാന പാതകള്‍ തടയും.
വാര്‍ത്താസമ്മേളനത്തിലാണ് കര്‍ഷക സംഘടനകള്‍ ഇക്കാര്യം വ്യക്തമാക്കിയത്. കർഷക സമര വേദികളിൽ പോലീസ് നടപ്പാക്കുന്ന കർശന നിയന്ത്രണങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച രംഗത്ത് വന്നു. കര്‍ഷക സമരം നടക്കുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിഛേദിച്ചതിലും കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഫെബ്രുവരി ആറിലെ പ്രതിഷേധമെന്നും സമരക്കാര്‍ അറിയിച്ചു. വരുമാനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചോ തൊഴില്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചോ പരാമര്‍ശിക്കാത്ത ബജറ്റ് തങ്ങളുടെ ആശങ്കകള്‍ പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.