ഡല്‍ഹി : കര്‍ഷക പ്രക്ഷോഭം രാജ്യവ്യാപകമാകുന്നതിനിടെ വിവാദ കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. നിയമങ്ങള്‍ക്ക് എതിരെ നടക്കുന്നത് രാഷ്ട്രീയ പ്രചാരണം ആണെന്ന് മന്ത്രി ആരോപിച്ചു. കര്‍ഷകരെ കവര്‍ച്ച ചെയ്യുന്നത് നരേന്ദ്രമോദി അവസാനിപ്പിക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി-ഹരിയാന അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം പതിമൂന്നാം ദിവസവും തുടരുന്നു. സമരത്തില്‍ പങ്കെടുത്ത വനിതകളോടും നിര്‍ദയമായരീതിയിലാണ് സേനാ വിഭാഗങ്ങള്‍ പെരുമാറുന്നത്. യുവതികളെയും പ്രായമായ സ്ത്രീകളെയും ലാത്തികൊണ്ട് പ്രഹരിക്കാനും അറസ്റ്റ് ചെയ്ത് വലിച്ചിഴച്ച് മാറ്റുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായിട്ടാണ് റിപ്പോട്ടുകള്‍ വരുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയെ പോലീസ് വീട്ടുതടങ്കലിലാക്കുകയും ചെയ്തു.
ഡല്‍ഹി-ഹരിയാന അതിര്‍ത്തികള്‍ ഉപരോധിക്കാന്‍ തുടങ്ങിയ ശേഷം കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ നാലാം ഘട്ട ചര്‍ച്ച നാളെ നടക്കാനിരിക്കെയാണ് കൃഷി മന്ത്രി നിയമത്തെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തെ രാജ്യ വ്യാപകമായി ഏറ്റെടുത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. നിയമത്തിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. കര്‍ഷക ക്ഷേമത്തിന് വേണ്ടിയുള്ളതാണ് നിയമങ്ങള്‍. ഭക്ഷ്യ സംഭരണത്തിലും സംസ്‌കരണത്തിലും നിക്ഷേപം വര്‍ദ്ധിക്കും എന്നും മന്ത്രി അവകാശപ്പെട്ടു. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണക്കുന്ന പ്രതിപക്ഷത്തെ കേന്ദ്ര മന്ത്രി പ്രകാശ് ജവദേക്കറും കടന്നാക്രമിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അന്നദാതാക്കള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ രാഹുല്‍ ആഹ്വാനം ചെയ്തു. ഭരണ പ്രതിപക്ഷ പോര് മുറുകുമ്പോഴും അതിനൊന്നും ചെവി കൊടുക്കാതെ സിംഘു ,തിക്‌റി, ഗാസിപൂര്‍ അതിര്‍ത്തികളിലെ സമര ഭൂമിയില്‍ ശക്തമായി തുടരുകയാണ് കര്‍ഷകര്‍. കോര്‍പറേറ്റ് സര്‍ക്കാരിനോട് വിട്ടു വീഴ്ചയില്ലെ കര്‍ഷകര്‍ അര്‍ത്ഥ ശങ്കയ്ക്കിടയില്ലത്ത വിധം പ്രഖ്യാപിക്കുന്നു. ഭാരത് ബന്ദിന്റെ ദിവസമായതിനാല്‍ വന്‍ ജനാവലിയാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി സമര ഭൂമികളില്‍ എത്തുന്നത്.