ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമം പിന്‍വലിച്ചില്ലെങ്കില്‍ അടുത്തതായി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക സംഘടനകള്‍. റിപ്പബ്ലിക് ദിനത്തിലെ പോലെ നാലു ലക്ഷം ട്രാക്ടറുകളായിരിക്കില്ല, 40 ലക്ഷം ട്രാക്ടറുകളായിരിക്കും അണി നിരക്കുക എന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. രാജസ്ഥാനിലെ സികാറില്‍ സംയുക്ത കിസാന്‍ മോര്‍ച്ച സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ടിക്കായത്തിന്റെ മുന്നറിയിപ്പ്.
പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ പാര്‍ലമെന്റ് വളയും. ഡല്‍ഹി മാര്‍ച്ചിന്റെ തീയതി കര്‍ഷക സംഘടനകള്‍ പിന്നീട് തീരുമാനിക്കും. ഇന്ത്യാ ഗേറ്റിന് സമീപത്തെ പാര്‍ക്കുകള്‍ ഉഴുതുമറിച്ച് അവിടെ കൃഷി നടത്തും. രാജ്യത്തെ കര്‍ഷകരെ അവഹേളിക്കുന്നതിനുള്ള ഗൂഢാലോചന ജനുവരി 26 ന് രാജ്യതലസ്ഥാനത്തുണ്ടായ സംഘര്‍ഷത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ കര്‍ഷകര്‍ ത്രിവര്‍ണ പതാകയെ സ്‌നേഹിക്കുന്നു. എന്നാല്‍ രാജ്യത്തെ നേതാക്കളോട് അങ്ങനെയല്ല. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും താങ്ങുവില പുനഃസ്ഥാപിക്കുകയും ചെയ്യാത്തപക്ഷം വലിയ കമ്പിനികളുടെ ഗോഡൗണുകള്‍ കര്‍ഷകര്‍ക്ക് തകര്‍ക്കേണ്ടിവരുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.