ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധവുമായി ഡല്‍ഹിയില്‍ കര്‍ഷകരുടെ സമരം തുടരുകയാണ്. തങ്ങളുടെ വാദം വിജയിപ്പിച്ചെടുക്കാന്‍ സര്‍വ്വ സജ്ജമായാണ് ഇവര്‍ എത്തിയിരിക്കുന്നത്. പ്രതിഷേധിക്കുന്ന മുഴുവന്‍ കര്‍ഷക സംഘടനകളെയും ചര്‍ച്ചക്ക് ക്ഷണിക്കാത്തതില്‍ കടുത്ത പ്രതിഷേധമാണ്. ചര്‍ച്ചക്ക് 32 സംഘടനകള്‍ക്ക് മാത്രമാണ് ക്ഷണം. 500 കര്‍ഷക സംഘടകനകളെയും ചര്‍ച്ചക്ക് വിളിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
അതിശൈത്യവും കോവിഡും പടരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ മൂന്നിന് നടത്താനിരുന്ന ചര്‍ച്ച ചൊവ്വാഴ്ച നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എല്ലാ സംഘടനകളെയും ചര്‍ച്ചക്ക് ക്ഷണിക്കാതെ കേന്ദ്രസര്‍ക്കാറുമായി സംസാരിക്കാനില്ലെന്ന് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സുഖ്‌വീന്ദര്‍ എസ്. സബാരന്‍ പറഞ്ഞു.
ഡല്‍ഹി -ഹരിയാന അതിര്‍ത്തിയില്‍ 500ഓളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോഴും കേന്ദ്രസര്‍ക്കാറിന്റെ അടിച്ചമര്‍ത്തലിന് വഴങ്ങാന്‍ കര്‍ഷകര്‍ തയാറാകുന്നില്ല. ആവശ്യം നേടിയെടുത്തതിന് ശേഷം മാത്രമേ സമരം അവസാനിപ്പിക്കുവെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. ഡല്‍ഹിയിലേക്കുള്ള എല്ലാ അതിര്‍ത്തി പാതകളും ഉപരോധിച്ച് സമരം ചെയ്യാനുള്ള നീക്കത്തിലാണ് കര്‍ഷകര്‍.
കോവിഡ് പടരുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് പതിനായിരക്കണക്കിന് പേര്‍ ഒത്തുകൂടിയുള്ള സമരം കോവിഡ് വ്യാപനം വേഗത്തിലാക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കോവിഡിനെക്കുറിച്ച് തങ്ങള്‍ ബോധവാന്മാരാണെന്നും കോവിഡിനേക്കാള്‍ വലിയ ഭീഷണിയാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഉയര്‍ത്തുന്നതെന്ന് കര്‍ഷകര്‍ പ്രതികരിച്ചു.
കഴിഞ്ഞയാഴ്ച ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ കര്‍ഷകരും സുരക്ഷ സേനയും ഏറ്റുമുട്ടിയതില്‍ കണ്ടാലറിയാവുന്ന കര്‍ഷകര്‍ക്കെതിരെ ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അലിപുര്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നാലു പോലീസുകാര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ വാഹനങ്ങള്‍ തകര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നു.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരസ്ഥലത്തേക്ക് എത്തുന്ന കര്‍ഷകരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ശക്തമായ തണുപ്പിനെ പോലും വകവെക്കാതെയാണ് കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഗുരുനാനാക് ജയന്തിക്ക് പിന്നാലെ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലേക്ക് എത്തുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചിരുന്നു. ഡല്‍ഹിയിലേക്ക് ജയ്പൂര്‍, റോത്തക്ക്, സോനിപത്, ഗസ്സിയാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള പാതകള്‍ ഉപരോധിക്കാനും തീരുമാനിച്ചിരുന്നു. കര്‍ഷക പ്രതിഷേധത്തിന് ഹരിയാനയിലെ ഖാപ് പഞ്ചായത്ത് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഈയൊരു അവസ്ഥയിലാണ് എത്രയും പെട്ടെന്ന് തന്നെ കര്‍ഷകരുമായി അനുനയ ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായും കാര്‍ഷിക മന്ത്രി നരേന്ദ്ര സിങ് തോമറും 24 മണിക്കൂറിനുള്ളില്‍ രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പെട്ടെന്ന് തന്നെ ചര്‍ച്ച നടത്താന്‍ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാത്രിയോടെയാണ് തീരുമാനമായത്.
ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്താമെന്ന് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഉപാധിവെച്ചുള്ള ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറല്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധം നിര്‍ത്തിവെക്കാന്‍ പലശ്രമങ്ങള്‍ നടത്തിയെങ്കിലും കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന തീരുമാനത്തില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ ജലപീരങ്കി, കണ്ണീര്‍ വാതക പ്രയോഗത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു.
കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് എസ്.എഫ്.ഐ കൊല്‍ക്കത്തയില്‍ റാലി സംഘടിപ്പിച്ചു. വിവിധ കോളജുകളില്‍നിന്നും സര്‍വകലാശാലയില്‍നിന്നുമുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുത്തു. ദലിത് നേതാവും ഭീം ആര്‍മി നേതാവുമായ ചന്ദ്രശേഖര്‍ ആസാദ് ഗസ്സിപൂര്‍ അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് ചൊവ്വാഴ്ച പിന്തുണയുമായെത്തും. രാവിലെ 11മണിക്ക് ചന്ദ്രശേഖര്‍ ആസാദ് സമരത്തില്‍ പങ്കുചേരുമെന്നാണ് വിവരം.