അമൃത്‌സര്‍: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകരെ ഖാലിസ്ഥാനികളെന്ന് വിളിച്ചാക്ഷേപിച്ച മന്ത്രിമാര്‍ക്കെതിരേ ശിരോമണി അകാലി ദള്‍ മേധാവി സുഖ്ബീര്‍ സിങ് ബാദല്‍. കര്‍ഷകരെ അപമാനിച്ച ബിജെപി നേതാക്കള്‍ കൂടിയായ കേന്ദ്ര മന്ത്രിമാര്‍ പരസ്യമായി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ കുടുംപിടുത്തം പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമരത്തില്‍ പങ്കെടുക്കുന്നവെ ഖാലിസ്ഥാനികളെന്നും ദേശവിരുദ്ധരെന്നും വിളിച്ച് കേന്ദ്ര സര്‍ക്കാരും മറ്റ് ചില മന്ത്രിമാരും ബിജെപിയും സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സമരത്തെക്കുറിച്ച് അപമാനകരമായ പ്രചാരണം അഴിച്ചുവിട്ട മന്ത്രിമാര്‍ ആരായിരുന്നാലും പൊതുജനങ്ങളോട് മാപ്പുപറയണം. കര്‍ഷകരുടെ ആവശ്യത്തിന് ചെവികൊടുക്കുന്നതിനു പകരം അവരുടെ വായ്മൂടിക്കെട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള മനോഭാവത്തെ തങ്ങള്‍ അപലപിക്കുന്നതായും ബാദല്‍ പറഞ്ഞു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അടക്കം നിരവധി ബിജെപി നേതാക്കള്‍ കര്‍ഷകരെ ഖാലിസ്ഥാനികളെന്ന് വിശേഷിപ്പിച്ചിരുന്നു.