റാന്നി : ശുദ്ധജല മത്സ്യകൃഷി കൂടുതൽ വ്യാപകമാക്കുന്നതിനും മത്സ്യകർഷകർക്ക് മികച്ച വിപണന സൗകര്യം ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അഡ്വ.പഴകുളം മധു എം.എല്‍.എ. പറഞ്ഞു. പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജില്ലയിലെ ആദ്യ ശുദ്ധജല മത്സ്യ ഫിഷ് കിയോസ്‌ക് റാന്നി കൊല്ലമുളയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുദ്ധജല മത്സ്യകൃഷിയിലൂടെ സ്വയം തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ പ്രോത്സാഹനവും മാർഗനിർദേശവും ലഭ്യമാക്കും. നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഗുണമേന്മയുള്ളതും ശുദ്ധവുമായ മത്സ്യം ലഭ്യമാക്കുന്നതിനൊപ്പം മത്സ്യകർഷകർക്ക് അവരുടെ ഉത്പന്നന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്താനും ഇത്തരം കിയോസ്‌കുകൾ സഹായിക്കും.
മത്സ്യകൃഷി ഒരു മികച്ച സ്വയംതൊഴിൽ സംരംഭമായി വളർത്തിയെടുക്കാൻ കഴിയുന്ന മേഖലയാണ്. പ്രത്യേകിച്ച് യുവാക്കൾക്ക് ശുദ്ധജല മത്സ്യകൃഷിയിലേക്ക് കടന്നുവരാനുള്ള നിരവധി സാധ്യതകളുണ്ട്. മത്സ്യകൃഷി, മത്സ്യവിപണനം, മൂല്യവർധിത മത്സ്യ ഉത്പന്നങ്ങളുടെ നിർമ്മാണം തുടങ്ങിയ മേഖലകളിൽ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കേണ്ടതുണ്ട്. മത്സ്യം ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രധാന ഭാഗമാണ്. ഗുണമേന്മയുള്ള പ്രോട്ടീൻ, ഒമേഗ – 3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ പോഷകങ്ങൾ മത്സ്യത്തിൽ ലഭ്യമാണ്. അതിനാൽ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ശുദ്ധജല മത്സ്യം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും മത്സ്യകർഷകരെ സംരക്ഷിക്കുന്നതിനും ഒരുപോലെ പ്രാധാന്യം നൽകണം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്തി ജില്ലയിലെ മത്സ്യകൃഷി മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ തുടരുമെന്നും അഡ്വ.പഴകുളം മധു എം.എല്‍.എ. പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് രാമാദേവി അധ്യക്ഷത വഹിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ മിലി ഗോപിനാഥ്, വൈസ് പ്രസിഡന്റ് ഇ.വി.വർക്കി, പി.എം.എം.എസ്.വൈ. ഗുണഭോക്താവ് സാൽവി വി.ഒ., സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി.കെ.ജെയിംസ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മാരായ റസ്സി ജോഷി, ബിന്ദു, പഞ്ചായത്ത് മെമ്പർമാരായ സോമൻ, അനു, ഷിജി, ബ്ലോക്ക് മെമ്പർ നിഷ അലക്സ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോയ്, മുൻ പഞ്ചായത്ത് മെമ്പർ നഹാസ്, മുൻ ബ്ലോക്ക് മെമ്പർ കെ.എം.മാത്യു, മുസ്ലിം ലീഗ് നേതാവ് നാസർ കണ്ണന്താനം, ഷാജി കിഴുകണ്ട തുടങ്ങിയവർ പ്രസംഗിച്ചു.




























