കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ കേസില്‍ പത്തിലധികം ബാങ്കുകള്‍ക്ക് അന്വേണ സംഘം നോട്ടീസ് നല്കി. ഓഹരിയുടമകളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും സ്വീകരിച്ച പണം നിക്ഷേപിച്ച ബാങ്കുകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. നിക്ഷേപിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് നിയമമനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് വ്യക്തത വരുത്താനാണിത്. നിക്ഷേപകരില്‍ ഏറെയുംപേര് പണമായാണ് തുക നല്‍കിയത്. രേഖയുള്ള പണമാണോയെന്ന് പരിശോധിച്ച് മുന്നോട്ടുപോകാനാണ് നീക്കം.
ഫാഷന്‍ ഗോള്‍ഡ് കമ്പിനി മാനേജര്‍, അക്കൗണ്ടിങ് ജീവനക്കാര്‍ എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കമ്പിനി ജീവനക്കാരെ ചോദ്യംചെയ്തുവരുകയാണ്. ഇവരില്‍ നിന്ന് ഇടപാടുകള്‍ സംബന്ധിച്ച ക്രമക്കേടിന് ആധാരമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ അന്വേഷണം ചെയര്‍മാനായ എം.സി. ഖമറുദ്ദീന് എം.എല്‍.എയിലേക്കും ജനറല്‍ മാനേജര്‍ പൂക്കോയ തങ്ങളിലേക്കും എത്താന്‍ സാധിക്കൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇവര്‍ക്ക് നോട്ടീസ് നല്കി ചോദ്യംചെയ്യാനുള്ള സമയം ആയിട്ടില്ല.
കേസന്വേഷിക്കുന്ന പ്രത്യേക സംഘം എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് നോട്ടീസ് നല്‍കിയത്. നിലവില്‍ 88 പേരാണ് പരാതി നല്‍കിയിട്ടുള്ളത്. എം.സി. ഖമറുദ്ദീന്, എം.ഡി ടി.കെ. പൂക്കോയ തങ്ങള്‍, ഡയറക്ടര്‍ മാട്ടൂല്‍ സ്വദേശി ഹാരിസ് അബ്ദുള്‍ ഖാദര്‍, എം.ഡിയുടെ മകന് ഹിഷാം എന്നീ നാലുപേരാണ് പ്രതികള്‍.