കൊച്ചി : വാഹനങ്ങളില്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കിയ ആദ്യദിനം എറണാകുളം കുമ്പളം ടോള്‍ പ്ലാസയില്‍ പ്രതിഷേധവും ആശയക്കുഴപ്പവും. ഫാസ്ടാഗില്ലാത്തവരില്‍ നിന്ന് ഇരട്ടിത്തുക ടോള്‍ ഈടാക്കുന്നതിനെതിരെയായിരുന്നു യാത്രക്കാരുടെ പ്രതിഷേധം.
കെഎസ്ആര്‍ടിസി ബസുകളില്‍ നിന്ന് ടോള്‍ പിരിക്കുന്നതാണ് ആശയക്കുഴപ്പത്തിന് വഴി വച്ചത്. ടോള്‍ പിരിവ് പൂര്‍ണമായി ഫാസ്ടാഗിലേക്ക് മാറിയ ശേഷമുള്ള ആദ്യമണിക്കൂറുകള്‍ സര്‍വത്ര ആശയക്കുഴപ്പത്തിന്റെതായിരുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് രണ്ടു മാസത്തേക്ക് ഫാസ്ടാഗില്‍ ഇളവ് അനുവദിച്ചെന്ന വിജ്ഞാപനം ഉണ്ടായിരുന്നുവെങ്കിലും കുമ്പളം ടോള്‍ പ്ലാസയ്ക്ക് ഇത് ബാധകമായിരുന്നില്ല. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.
ചര്‍ച്ചകള്‍ക്കൊടുവില്‍ ഫാസ്ടാഗില്ലാത്ത കെഎസ്ആര്‍ടിസി ബസുകളില്‍ നിന്ന് ഏതാനും ദിവസത്തേക്ക് കൂടി പിഴ ഒഴിവാക്കി പണമായി ടോള്‍ നിരക്ക് ഈടാക്കാന്‍ ധാരണയായി. എല്ലാ ലൈനുകളും ഫാസ്ടാഗായത് അറിയാതെ കഴിഞ്ഞ ദിവസം വരെ പണം നല്‍കി പോയിരുന്ന ലൈനിലൂടെ പോകാന്‍ ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ശ്രമിച്ചത് ഈ ലൈനില്‍ വലിയ ഗതാഗതക്കുരുക്കുണ്ടാക്കി. ഫാസ്ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ഇരട്ടിത്തുക ഈടാക്കുന്നതിനെതിരെ യാത്രക്കാരും രംഗത്തെത്തി.