സൂറത്ത്: വീട്ടുജോലി ചെയ്യാതിരുന്ന മകളെ പ്രഷർ കുക്കറിന് അടിച്ച് കൊന്ന് പിതാവ്. സൂറത്തിലെ ഓട്ടോറിക്ഷ ഡ്രൈവറായ 40കാരനാണ് 18കാരിയായ മകളെ പ്രഷർ കുക്കറിന് അടിച്ച് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ഫോണിൽ നോക്കിയിരുന്ന കണ്ടതോടെ കുപിതനായ 18കാരൻ മകളെ ആക്രമിക്കുകയായിരുന്നു. 18കാരിയുടെ അമ്മ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹെതാലി എന്ന 18കാരിയാണ് മരിച്ചത്. സൂറത്തിലെ ഭ്രരിമാതാ സ്വദേശിനിയായ ഗീതാബെൻ പാർമർ ആണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സൂറത്തിലെ ഒരു മാളിലെ ജോലിക്കാരിയായിരുന്നു ഇവർ. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഗീത ജോലിക്ക് പോയ സമയത്താണ് ഭർത്താവ് മുകേഷ് പാർമർ മകളെ ആക്രമിച്ചത്. അടുത്ത കാലത്തായി ചില രോഗങ്ങളേ തുടർന്ന് ഇയാൾ ജോലിക്ക് പോയിരുന്നില്ല.
ജോലിക്ക് പോയ സമയത്ത് വീട് വൃത്തിയാക്കണമെന്ന് മകളോട് ആവശ്യപ്പെട്ട ശേഷമായിരുന്നു ഗീത ജോലിക്ക് പോയത്. എന്നാൽ മകൾ ഇത് അനുസരിക്കാതെ ഫോണിൽ മുഴുകിയിരുന്നതോടെയാണ് 40കാരൻ പ്രകോപിതനായത്. തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രഷർ കുക്കറിനുള്ള അടിയേറ്റാണ് 18കാരി മരിച്ചത്. 18കാരിയുടെ സഹോദരനായ 13കാരൻ അക്രമം നടക്കുന്ന സമയത്ത് വീടിന് പുറത്ത് കളിക്കുകയായിരുന്നു. സഹോദരിയുടെ കരച്ചിൽ കേട്ടെത്തിയ 13കാരനാണ് 18കാരിയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. മകൻ വിളിച്ചതിന് പിന്നാലെയാണ് ഗീത വീട്ടിലെത്തിയത്. ഇവർ വീട്ടിലെത്തി മകളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 18കാരിയുടെ അമ്മയുടെ പരാതിയിൽ 40കാരനെ പോലീസ് കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.