കോഴിക്കോട് : മദ്യലഹരിയിൽ അമ്മയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച മകന് അച്ഛന്‍റെ അടിയേറ്റ് ദാരുണാന്ത്യം. ബാലുശേരി കിനാലൂരിലാണ് സംഭവം. അരയിടത്ത് വയൽ വേണുവിന്‍റെ മകൻ അലൻ (17) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ വേണു ഭാര്യയുമായി വാക്ക് തർക്കമുണ്ടായി. ഇത് തടയാൻ ശ്രമിച്ച അലനെ വേണു അടിക്കുകയായിരുന്നു. തലക്ക് അടിയേറ്റ അലന്‍റെ തല ഭിത്തിയിൽ ഇടിച്ചെന്നും നാട്ടുകാർ പറയുന്നു.
ബഹളം കേട്ട നാട്ടുകാരാണ് വിവരം ബാലുശ്ശേരി പോലീസിൽ അറിയിച്ചത്. പോലീസ് വേണുവിനെ അറസ്റ്റ് ചെയ്തു. അലന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്‍കും.