മുംബൈ : ആഡംബര കപ്പലിലെ ലഹരിമരുന്ന് വേട്ടയ്ക്ക് പിന്നാലെ ഏറെ ആഘോഷിക്കപ്പെട്ട എന്‍സിബി ഉദ്യോഗസ്ഥനെതിരെ ആദ്യ ഭാര്യയുടെ പിതാവ്. എന്‍സിബിയുടെ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡേയ്‌ക്കെതിരെയാണ് ആദ്യ ഭാര്യയുടെ പിതാവ് ഡോ സഹീദ് ഖുറേഷി രൂക്ഷമായ ആരോപണവുമായി എത്തിയിട്ടുള്ളത്. വാങ്കഡേ കുടുംബം മുസ്ലിം വിശ്വാസികളാണെന്നും സമീറിന്‍റെ പിതാവിന്റെ പേര് ദാവൂദ് എന്നാണെന്നുമാണ് ആദ്യ ഭാര്യയുടെ പിതാവ് വ്യാഴാഴ്ച ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.
തന്‍റെ മകള്‍ ശബാനയെ വിവാഹം ചെയ്ത സമയത്തും ശേഷവും സമീര്‍ മുസ്ലിം വിശ്വാസിയായിരുന്നു. ഇടയ്ക്ക് മോസ്കുകളിലും സമീര്‍ സന്ദര്‍ശന നടത്തിയിരുന്നുവെന്നും സഹീദ് ഖുറേഷി പറയുന്നു. മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക്കിന്‍റെ ആരോപണങ്ങളെ ശരി വെയ്ക്കുന്ന രീതിയിലാണ് സഹീദ് ഖുറേഷിയുടെ വാക്കുകള്‍. അടുത്തിടെ നടന്ന വിവാദങ്ങളില്‍ നിന്നാണ് സമീര്‍ വാങ്കഡേ ഹിന്ദുവാണെന്ന വിവരം അറിയുന്നതെന്നും സഹീദ് ഖുറേഷി പറഞ്ഞു. സമീര്‍ വാങ്കഡേയുടെ ജനന സര്‍ട്ടിഫിക്കറ്റിലെ മതം സംബന്ധിച്ച് നവാബ് മാലിക് ആരോപണം ഉയര്‍ത്തിയിരുന്നു. മുസ്ലിം ആയി ജനിച്ച ശേഷം സമീര്‍ വാങ്കഡേ വ്യാജരേഖകള്‍ ചമച്ചുവെന്നായിരുന്നു നേരത്തെ നവാബ് മാലിക് ആരോപിച്ചത്.
യുപിഎസ്സിയെ കബളിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഈ തിരുത്തലെന്നുമായിരുന്നു നവാബ് മാലിക് ആരോപിച്ചത്. നവാബ് മാലികിന്‍റെ ആരോപണം സമീര്‍ വാങ്കഡേ നിഷേധിച്ചിരുന്നു. തന്‍റെ പിതാവിന്‍റെ പേര് ധ്യാന്‍ദേവ് കച്ചുര്‍ജി വാങ്കഡേ എന്നാണെന്നും അമ്മ സഹീദ മുസ്ലിം ആണെന്നുമായിരുന്നു സമീര്‍ വാങ്കഡേ മഹാരാഷ്ട്ര മന്ത്രിയുടെ ആരോപണത്തിന് മറുപടി നല്‍കിയത്. പിതാവ് സംസ്ഥാന എക്സൈസ് സേനയിലെ മുതിര്‍ന്ന് ഉദ്യോഗസ്ഥനായിരുന്നുവെന്നും 2007 ജൂണിലാണ് പൂനെയില്‍ വിരമിച്ചതെന്നും സമീര്‍ വിശദമാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ആദ്യഭാര്യാ പിതാവ് സമീര്‍ വാങ്കഡേയുടെ വാദങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്.