തിരുവനന്തപുരം : തുടര്‍ഭരണ നേട്ടത്തിന്റെ മികവില്‍ പാര്‍ട്ടിയിലും മുന്നണിയിലും കരുത്തുറ്റ നേതാവായി പിണറായി വിജയന്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. തന്നെ പാര്‍ട്ടി രൂപീകരണത്തിനു നേതൃത്വം കൊടുത്തവരില്‍ ഒരാളായ വി എസ്.അച്യുതാനന്ദന്‍ പങ്കെടുക്കാത്ത ആദ്യ സിപിഎം സംസ്ഥാന സമ്മേളനമാണിത്. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വി എസ്സിന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍. അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനം ആയിരിക്കുന്നു ഇത്തവണത്തേത്. സ്‌ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കോവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ വി എസ്സിന് യാത്ര സാധ്യമല്ലാതെയായെന്ന് അരുണ്‍ കുമാര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
വിഎ അരുണ്‍ കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
സമ്മേളനങ്ങള്‍! സന്തോഷവും ആവേശവുമായിരുന്നു
അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനം ആയിരിക്കുന്നു ഇത്തവണത്തേത്.. സ്‌ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കോവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ യാത്ര സാധ്യമല്ലാതെയായി. വിവരങ്ങള്‍ കണ്ടും കേട്ടും ശ്രദ്ധിച്ചിരിക്കുന്നു..
വി എസ് അച്യുതാനന്ദന്റെ സജീവ സാന്നിധ്യമില്ലാത്ത സംസ്ഥാന സമ്മേളനമാണ് ഇക്കുറി എറണാകുളത്ത് നടക്കുക. ആശയ ഭിന്നതയെത്തുടര്‍ന്ന് 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ ഇന്നു ജീവിച്ചിരിക്കുന്നതു വിഎസും എന്‍.ശങ്കരയ്യയും മാത്രമാണ്. സിപിഎം രൂപീകരണത്തിനു കാരണമായ ആ ഇറങ്ങിപ്പോക്കില്‍ ഉള്‍പ്പെട്ടയാള്‍ ആദ്യമായാണു പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ സാന്നിധ്യമറിയിക്കാനാകാതെ പോകുന്നത്. 1980-92 വരെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരുന്നും വി എസ് പാര്‍ട്ടിയെ നയിച്ചിരുന്നു.