ടെൽ അവീവ്: കോൺസുലേറ്റ് ആക്രമണത്തിന് പ്രതികാരമായി ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് ഉടൻ തിരിച്ചടിക്ക് സാധ്യതയില്ലാത്തത് പശ്ചിമേഷ്യയിൽ ഉടലെടുത്ത പുതിയ ആശങ്കയ്ക്ക് താത്കാലിക ആശ്വാസമായി. ഞായറാഴ്ച പുലർച്ചെയായിരുന്നു തുരുതുരെ മിസൈലുകൾ തൊടുത്തും ഡ്രോണുകൾ ഉപയോഗിച്ചും ഇറാൻ ആക്രമിച്ചത്. ആക്രമണത്തിനു പിന്നാലെ, ഇറാൻ മണ്ണിൽ പ്രത്യാക്രമണം നടത്തുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഉടൻ തിരിച്ചടിച്ചാൽ പിന്തുണയ്ക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയതോടെയാണ് ഇസ്രയേൽ നിലപാടിൽ അയവുവന്നത്.
ഇസ്രയേൽ സംയമനം പാലിക്കണമെന്ന് വിവിധ ലോകരാജ്യങ്ങളും യു.എന്നും ആവശ്യപ്പെട്ടു. ആക്രമണ പശ്ചാത്തലത്തിൽ അടച്ച ഇസ്രയേലിന്റെയും അയൽ രാജ്യങ്ങളുടെയും വ്യോമപാത ഇന്നലെ വീണ്ടും തുറന്നു.തങ്ങളുടെ സൈനികദൗത്യം അവസാനിച്ചെന്നും സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യം വച്ചതെന്നും ഇറാൻ അറിയിച്ചു. ഇസ്രയേൽ തിരിച്ചടിക്ക് മുതിർന്നാൽ മറുപടി ഗുരുതരമായിരിക്കുമെന്ന് മുന്നറിയിപ്പു നൽകി. തിരിച്ചടിക്ക് ഇസ്രയേലിനെ പിന്തുണച്ചാൽ മേഖലയിലെ യു.എസ് ബേസുകൾ ആക്രമിക്കുമെന്നും പറഞ്ഞു.