ന്യൂഡല്‍ഹി : ഫെബ്രുവരി 18ന് രാജ്യവ്യാപകമായി നാലു മണിക്കൂര്‍ ട്രെയിന്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള സമരം ശക്തിപ്പെടുത്തലിന്റെ ഭാഗമായാണ് ട്രെയിന്‍ തടയല്‍. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് നാലുവരെയാണ് ട്രെയിന്‍ തടയല്‍ സമരമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.
ഫെബ്രുവരി 12 മുതല്‍ രാജസ്ഥാനില്‍ ടോള്‍പിരിവ് അനുവദിക്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കര്‍ഷകരുടെ പുതിയ സമരപ്രഖ്യാപനം. പഞ്ചാബ് ഹരിയാന ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ഡല്‍ഹി അതിര്‍ത്തികളില്‍ സമരം തുടരുകയാണ്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.