ചെങ്ങന്നൂർ: ആലായിൽ കൃഷി ഓഫീസറെ ഉടൻ നിയമിക്കണം എന്ന് ആവശ്യം ഉന്നയിച്ച് ബിജെപി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം ഉപരോധിച്ചു. കഴിഞ്ഞ രണ്ട് വർഷക്കാലമായി കൃഷി ഓഫീസറുടെ സേവനം പൂർണ്ണമായും ഇല്ലാതിരിക്കുകയാണ്. കഴിഞ്ഞ മഴക്കാലം ഉൾപ്പെടെ ഉണ്ടായ വിളനാശം അടക്കമുള്ള വിഷയങ്ങളിൽ കർഷകർ ദുരിതത്തിലാണ്. കർഷകരായ ജനങ്ങൾക്ക് ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കേണ്ട സമയത്ത് കൃഷി ഓഫീസർ ഇല്ലാത്ത അവസ്ഥയാണ്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അധികാരികൾ മനസിലാക്കി കൃഷിഓഫീസറെ ഉടൻ നിയമിച്ച് പ്രവർത്തനങ്ങൾ സുതാര്യമാക്കണമെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത ബിജെപി മണ്ഡലം ജന.സെക്രട്ടറി അനീഷ് മുളക്കുഴ ആവശ്യപ്പെട്ടു.
ബിജെപി ആലാ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉപരോധ സമരത്തിന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സതീഷ് നെടുന്തറ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.സി രാജീവ്, അനീഷ ബിജു, കെ.കെ അനൂപ്, ശരണ്യ സുജിൻ, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.സത്യപാൽ, കർഷകമോർച്ച മണ്ഡലം ജന.സെക്രട്ടറി പി.ജി മഹേഷ് കുമാർ, പി.കെ പ്രദീപ്, രാമചന്ദ്രൻ മാലിയിൽ വി.എൻ സോമൻ, റനി ചാക്കോ, കൊച്ചു കൃഷണകുറുപ്പ്, ജോസഫ്, ഇ.എൻ തമ്പാൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് പോലീസ് അധികാരികൾ എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റിയതിനെ തുടർന്ന് ഉപരോധസമരം അവസാനിപ്പിച്ചു.