പത്തനംതിട്ട : ലൈഫ് മിഷന്‍ പദ്ധതിയില്‍ പത്തനംതിട്ട ജില്ലയില്‍ പുതിയതായി അപേക്ഷ സമര്‍പ്പിച്ചവര്‍ 17035 പേര്‍. അപേക്ഷ നല്‍കാന്‍ ആഗസ്റ്റ് 27 വരെ അവസരമുണ്ട്. ഇതുവരെ അപേക്ഷിച്ച 17035 പേരില്‍ 12465 ഭൂമിയുള്ള ഭവന രഹിതരും 4570 ഭൂരഹിത ഭവന രഹിതരുമാണുള്ളത്. 4344 പട്ടികജാതി വിഭാഗത്തിലുള്ളവരും 322 പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരും ഇവയില്‍പെടുന്നു.
സംസ്ഥാനത്തില്‍ ഇതിനോടകം 6,04,213 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 1,01,369 പേര്‍ പട്ടികജാതിയിലുള്ളവരും 11,059 പട്ടികവര്‍ഗത്തിലുള്ളവരും ഉണ്ട്. അര്‍ഹത ഉണ്ടായിട്ടും വിവിധ കാരണങ്ങളാല്‍ ആദ്യം തയാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെപോയ കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ വീടിനായി അപേക്ഷിക്കാന്‍ അവസരം നല്‍കിയത്.
www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീട്ടിലിരുന്നു സ്വന്തമായോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തയാറാക്കിയിരിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി സുനില്‍ അറിയിച്ചു.