തിരുവനന്തപുരം: സംസ്ഥാനത്തെ ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് അര്‍ഹതപ്പെട്ടവര്‍ക്കെന്ന് മന്ത്രി സജി ചെറിയാന്‍. നിഷ്പക്ഷമായാണ് ജൂറി പ്രവര്‍ത്തിച്ചത്. ഇതില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് ഒരു റോളുമില്ലെന്ന് മന്ത്രി പറഞ്ഞു. രഞ്ജിത്ത് ജൂറിയില്‍ അംഗമല്ലെന്നും അദ്ദേഹത്തിന് ജൂറിയിലെ ഒരാളുമായി പോലും സംസാരിക്കാന്‍ കഴിയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
നടപടി ക്രമങ്ങളിലൂടെയാണ് ജൂറി സിനിമ തെരഞ്ഞെടുത്തത്. ജൂറിയെ സെലക്ട് ചെയ്തതും രഞ്ജിത്തല്ല. അദ്ദേഹംമാന്യനായ, കേരളം കണ്ട വലിയ ചലച്ചിത്രകാരനായ ഇതിഹാസമാണ്. അദ്ദേഹം ചെയര്‍മാനായ ചലച്ചിത്ര അക്കാദമി ഈ വര്‍ഷം വളരെ ഭംഗിയായാണ് പുരസ്‌കാരം നിര്‍ണയം നടത്തിയത്. അതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു. അവാര്‍ഡ് കിട്ടുമെന്ന് പലരും പ്രതീക്ഷിച്ച് കാണും. മാറ്റുരച്ചുരച്ച് തങ്കം കണ്ടെത്തിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒരാള്‍ക്കും ഒരു പരാതി പോലും ഈ ആവാര്‍ഡ് നിര്‍ണയത്തില്‍ പറയാന്‍ പറ്റില്ല. പുരസ്‌കാര പ്രഖ്യാപനത്തില്‍ അവാര്‍ഡ് നിര്‍ണയസമിതിക്കാണ് ഉത്തരവാദിത്വം. തെളിവുണ്ടെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് നിയമപരമായി നീങ്ങാം. ‘ഞാന്‍ പ്രഖ്യാപിച്ച അവാര്‍ഡ് ഞാന്‍ തന്നെ അന്വേഷിക്കണോ?. അങ്ങനെ രാജ്യത്ത് ആര്‍ക്കെല്ലാം എന്തെല്ലാം ഓഡിയോ ക്ലിപ്പുണ്ടാക്കാന്‍ പറ്റും. ഞാന്‍ പ്രഖ്യാപിച്ചതില്‍ ഒരു മാറ്റവുമില്ല’ – സജി ചെറിയാന്‍ പറഞ്ഞു.