സുല്‍ത്താന്‍ബത്തേരി : സ്വന്തമായി റേഷന്‍ കാര്‍ഡ് വേണമെന്നത് കഴിഞ്ഞ 12 വര്‍ഷമായി മഹാദേവിയുടെ ആഗ്രഹമായിരുന്നു. അതിനായി അവര്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. ഒടുവിൽ മന്ത്രി എം ബി രാജേഷ് ഇടപെട്ടാണ് മഹാദേവിക്ക് റേഷൻ കാർഡ് ലഭ്യമാക്കിയത്. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ഹാരിസണ്‍ മലയാളം പ്ലാന്‍റേഷനിലെ ജോലിക്കാരിയായിരുന്നു മഹാദേവി. റേഷന്‍ കാര്‍ഡിനായി അപേക്ഷിച്ച് കാത്തിരുന്നെങ്കിലും സ്ഥിരതാമസക്കാരിയാണെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.
പക്ഷേ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ കെട്ടിട ഉടമ എന്‍ഒസി നല്‍കേണ്ടതുണ്ടായിരുന്നു. എസ്റ്റേറ്റ് പാടിയിലാണ് ഇവര്‍ വാടകക്ക് താമസിക്കുന്നത്. ഇതാണ് റേഷന്‍ കാര്‍ഡ് നല്‍കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ കാരണമായി പറഞ്ഞത്. എന്‍ഒസി ലഭിക്കാതെ വന്നതോടെ പഞ്ചായത്തിന് സ്ഥിരതാമസക്കാരിയാണെന്ന സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ കഴിഞ്ഞില്ല. ഈ ഊരാകുടുക്ക് ആണ് മന്ത്രി അഴിച്ചത്. മഹാദേവി പഞ്ചായത്തില്‍ സ്ഥിരതാമസക്കാരിയാണ് എന്ന് ഉറപ്പ് വരുത്തി എന്‍ഒസിയില്ലാതെ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് അദാലത്തില്‍ മന്ത്രി എം ബി രാജേഷ് നിര്‍ദ്ദേശം നല്‍കിയത്. അദാലത്തിൽ വെച്ച് മഹാദേവിക്ക് സര്‍ട്ടിഫിക്കറ്റ് മന്ത്രി തന്നെ വിതരണം ചെയ്തു. ഇതോടെ സ്വന്തമായി ഒരു റേഷന്‍ കാര്‍ഡ് എന്ന മഹാദേവിയുടെ ആഗ്രഹം സഫലമായി.