കൊല്ലം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ, 26 വർഷംമുമ്പ് വീടും കെട്ടിടങ്ങളും നിർമിച്ചവരെയും പിഴിയുന്നു. കെട്ടിടനിർമാണ തൊഴിലാളി ക്ഷേമ സെസ് പിരിവിലൂടെ കോടികൾ കണ്ടെത്താൻ ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസുകളോട് നിർദേശിച്ചു. 1996-നുശേഷം വീട് നിർമിച്ചവരിൽനിന്നെല്ലാം നിർബന്ധമായി സെസ് പിരിച്ചെടുക്കാനാണ് പറഞ്ഞിരിക്കുന്നത്. 10 ലക്ഷം രൂപയ്ക്കുമുകളിൽ ചെലവഴിച്ച് വീട് നിർമിച്ചവരിൽനിന്ന് ഒരു ശതമാനം തുക സെസ്സായി ഈടാക്കാൻ നോട്ടീസ് അയച്ചുതുടങ്ങി.
നിലവിലെ സാഹചര്യത്തിൽ 40 ലക്ഷം രൂപ ചെലവഴിച്ച്, 2,000 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിക്കുന്നവർ, ജില്ലാ ലേബർ ഓഫീസുകളിലെത്തി 40,000 രൂപ സെസ് അടയ്ക്കേണ്ടിവരും. പണം അടയ്ക്കാൻ വൈകിയാൽ റവന്യൂ റിക്കവറി വഴി ഈടാക്കും.