പത്തനംതിട്ട : അമിത പലിശ മോഹിച്ചാണ് മിക്കവരും ബ്ലെയിഡ് കമ്പിനിയില്‍ പണം നിക്ഷേപിക്കുന്നത്. പലിശകൊണ്ട് നിത്യ ചെലവുകള്‍ നടക്കുമെന്ന് കരുതുന്നവരും മകളുടെ വിവാഹത്തിന് നല്ലൊരു തുക തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നവരും പണം നിക്ഷേപിക്കുന്നത് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലാണ്. വിദേശത്ത് വിയര്‍പ്പൊഴുക്കി സമ്പാദിച്ചവരും ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ പണം ലഭിച്ചവരും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലാണ് നിക്ഷേപം നടത്തുന്നത്. പന്ത്രണ്ടു ശതമാനം പലിശ നിക്ഷേപകര്‍ക്ക് മാസാമാസം കൊടുക്കണം. ലഭിക്കുന്ന കോടികള്‍ ബുദ്ധിപൂര്‍വ്വം വിനിയോഗിച്ച് ലാഭം നേടിയാല്‍ മാത്രമേ നിക്ഷേപകര്‍ക്ക് കൃത്യമായി പലിശയും ആവശ്യപ്പെടുമ്പോള്‍ മുതലും നല്‍കുവാന്‍ കഴിയു.
എന്നാല്‍ നിക്ഷേപമായി വന്നുമറിയുന്ന കോടികള്‍ ആഡംബര ജീവിതത്തിനും ധൂര്‍ത്തിനുമാണ് മിക്കവരും വിനിയോഗിക്കുക. നിക്ഷേപമായി ലഭിക്കുന്ന പണത്തില്‍ നിന്നും ഇവര്‍ പലിശ കൊടുത്തുകൊണ്ടേയിരിക്കും. പലിശ കൃത്യമായി ലഭിക്കുന്നതിനാല്‍ നിക്ഷേപകര്‍ക്ക് ആര്‍ക്കുംതന്നെ സംശയം ഉണ്ടാകാറില്ല. ചിലര്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലും സിനിമയിലും പണം മുടക്കും. ഇതെല്ലാം നോട്ടക്കുറവുകൊണ്ട് തകര്‍ന്നു തരിപ്പണമാകും.
ചിലര്‍ ആരോഗ്യ രംഗത്താണ് ശ്രദ്ധ പതിപ്പിക്കുന്നത്. ആശുപത്രി നടത്തുന്നതും ഇന്ന് ഒരു ബിസിനസ് തന്നെയാണ്. കോവിഡ് മഹാമാരി വന്നതോടുകൂടി മിക്ക ആശുപത്രികളും ഓക്സിജന്‍ കൊടുത്ത് നിലനിര്‍ത്തിയിരിക്കുകയാണ്. ജനങ്ങള്‍ മാസ്ക് ഉപയോഗിക്കുന്നതുകൊണ്ട് കാര്യമായ അസുഖങ്ങള്‍ ഒന്നും ആര്‍ക്കുമില്ല, അഥവാ എന്തെങ്കിലും വന്നാല്‍ത്തന്നെ ആരും ആശുപത്രിയില്‍ പോകുന്നില്ല. മുറിവൈദ്യവും നാട്ടുചികിത്സയേയും ആശ്രയിക്കുകയാണ് ജനങ്ങള്‍. അതുകൊണ്ടുതന്നെ ജനങ്ങളുടെ കിഡ്നിയും ലിവറും യഥാസ്ഥാനത് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ന് മിക്ക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും വന്‍ പ്രതിസന്ധിയിലാണ്. നിക്ഷേപകര്‍ക്ക് പലിശയും മുതലും കൊടുക്കുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. നിക്ഷേപകരില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളാണ്. വിദേശത്തുള്ള ഭര്‍ത്താവ് അറിയാതെ ബ്ലെയിഡില്‍ പണം നിക്ഷേപിച്ച കുടുംബിനികളുമുണ്ട്. ഇവരുടെ കാര്യമാണ് ഏറെകഷ്ടം. ബ്ലെയിഡ് കമ്പിനി പൊട്ടിയാല്‍ പുറത്തു പറയാനോ പരാതി കൊടുക്കുവാനോ ഇവര്‍ക്ക് കഴിയില്ല. ഭര്‍ത്താവ് അറിഞ്ഞാല്‍ അതുമതി എല്ലാം തകരുവാന്‍.
അടുത്തനാളില്‍ പൂട്ടിയ സ്ഥാപനങ്ങളാണ് കേരളാ ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (KHFL), പോപ്പുലര്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, പത്തനംതിട്ട തറയില്‍ ഫിനാന്‍സ് എന്നിവ. ഇവയില്‍ ചില സ്ഥാപനങ്ങള്‍ തകര്‍ച്ചയിലാണെന്ന് പത്തനംതിട്ട മീഡിയ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ നിക്ഷേപകര്‍ ഈ മുന്നറിയിപ്പുകള്‍ അവജ്ഞയോടെ തള്ളുകയായിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാപനങ്ങള്‍ക്ക് താഴ് വീണപ്പോഴാണ് പലരും യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഇവരുടെ നിക്ഷേപം വെള്ളത്തില്‍ അലിഞ്ഞില്ലാതെയായി.
പലിശ നല്‍കാതിരിക്കുക, നിക്ഷേപം മടക്കി നല്‍കാതിരിക്കുക, കാലാവധി കഴിഞ്ഞതോ അല്ലാത്തതോ ആയ നിക്ഷേപങ്ങള്‍ക്ക് പ്രലോഭിപ്പിക്കുക, കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് മോഹിപ്പിക്കുക, കുറി ചിട്ടിയുടെ പണം യഥാസമയം നല്‍കാതിരിക്കുക, അപൂര്‍ണ്ണമായതോ ഒന്നും എഴുതാത്തതോ ആയ പേപ്പറുകളില്‍ ഒപ്പിടുവിക്കുക, പണം നിക്ഷേപിക്കുവാന്‍ എത്തുന്നവരില്‍ നിന്നും കടപ്പത്രങ്ങളില്‍ നിക്ഷേപം സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിയമവിരുദ്ധമാണ് . സുതാര്യത ഇല്ലാതെ നടത്തുന്ന ഇത്തരം ഇടപാടുകളും ചൂഷണങ്ങളും ഞങ്ങളെ അറിയിക്കുക, എല്ലാ വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. ചീഫ് എഡിറ്ററുടെ നമ്പരില്‍ ബന്ധപ്പെടാം. പത്തനംതിട്ട മീഡിയ, 94473 66263 (പ്രകാശ് ഇഞ്ചത്താനം)