പത്തനംതിട്ട : ക്ഷേത്ര ജീവനക്കാരന്റെ മൃതദേഹം വെള്ളക്കെട്ടില്‍നിന്നും കണ്ടെത്തി. മന്നംകരച്ചിറ സ്വദേശിയും പുതുശ്ശേരി വെട്ടു ഞായത്തില്‍ ക്ഷേത്രത്തിലെ കഴകക്കാരനുമായ കാവുംഭാഗം തുക്കേലാട്ട് വീട്ടില്‍ രമേശ് കുമാറിന്റെ (55) മൃതദേഹമാണ് കണ്ടെത്തിയത്. കവിയൂര്‍ പുന്നിലത്തെ വെണ്ണിയാവിള പുഞ്ചയിലെ വെള്ളക്കെട്ടില്‍നിന്നും അഗ്നിശമനസേന നടത്തിയ തിരച്ചിലില്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മൃതദേഹം ലഭിച്ചത്. കവിയൂരിലെ ഭാര്യ വീട്ടില്‍നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ക്ഷേത്രത്തിലേക്ക് പോയ രമേശ് ഉച്ചയായിട്ടും വീട്ടില്‍ മടങ്ങിയെത്താത്തതിനാല്‍ ബന്ധുക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
പുലര്‍ച്ചെ ആറിന് രമേശിനെ പുന്നിലം ഭാഗത്ത് കണ്ടതായി സമീപവാസികളില്‍നിന്നും വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. റോഡിന് കുറുകെ അഞ്ചടിയോളം ഉയരത്തിലുള്ള വെള്ളക്കെട്ട് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ രമേശന്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ല പോലീസെത്തി മേല്‍നടപടി സ്വീകരിച്ച മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.