കോഴിക്കോട് : പൊറ്റമ്മൽ കെട്ടിട അപകടത്തിന് കാരണം നിർമ്മാണത്തിനിടയിലെ അശ്രദ്ധയെന്ന് പ്രാഥമിക വിലയിരുത്തൽ. കെട്ടിട ഉടമയെയും നിർമ്മാണ കമ്പനി അധികൃതരെയും പ്രതി ചേർത്താണ് പോലീസ് എഫ്ഐആർ തയാറാക്കിയിട്ടുള്ളത്. 304 എ, 338 വകുപ്പുകളാണ് ഇപ്പോൾ ചുമത്തിയിരിക്കുനന്നത്. നിലവിൽ അഞ്ച് പേരെ പ്രതിചേർത്താണ് കേസെടുത്തിരിക്കുന്നത്.
അപകടത്തിൽ പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. അപകടത്തിൽ രണ്ട് തമിഴ്നാട് സ്വദേശികൾ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെ ഏഴേമുക്കാലോടെ നഗരത്തിലെ തൊണ്ടയാട് ജംഗ്ഷന് സമീപമായിരുന്നു അപകടം. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ ക്രെയിനുപയോഗിച്ച് സ്ഥാപിച്ച കോൺക്രീറ്റ് ബീം രണ്ടാം നിലയിലെ സ്ലാബിന് മുകളിലേക്ക് വീഴുകയായിരുന്നു. താഴെ ജോലി ചെയ്യുകയായിരുന്ന അഞ്ച് തൊഴിലാളികൾ തകർന്ന സ്ലാബിനുള്ളിൽ പെട്ടു.
തമിഴ്നാട് സ്വദേശികളായ കാർത്തിക് , സലീം എന്നിവരെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. പരിക്കേറ്റ തങ്കരാജ്, ഗണേഷ്, ജീവാനന്ദം എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.