ഹൈദരാബാദ് : തെലങ്കാനയിലെ ആദിലാബാദിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ നവജാത ശിശു പരിചരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ശിശുക്കൾ മരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 11.50ഓടെയാണ് തീപിടിത്തമുണ്ടായത്. എയർ കണ്ടീഷണറുമായി ബന്ധപ്പെട്ട വൈദ്യുത ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ തീപിടിത്തത്തിന്റെ യഥാർഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. തീപിടിത്തത്തെ തുടർന്ന് വാർഡിൽ തീയും കനത്ത പുകയും നിറഞ്ഞു. തുടർന്ന് വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. വാർഡിലുണ്ടായിരുന്ന 28 കുട്ടികളെ സുരക്ഷിതമായി ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈദ്യുത സംവിധാനവും എയർ കണ്ടീഷണർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും കൃത്യമായി പ്രവർത്തിച്ചിരുന്നോയെന്നും അധികൃതർ പരിശോധിക്കും. സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. തീപിടിത്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും അദ്ദേഹം നിർദേശിച്ചു. അപകടത്തിൽപ്പെട്ട മറ്റ് കുട്ടികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അവരുടെ ആരോഗ്യനില തുടർച്ചയായി നിരീക്ഷിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.സംസ്ഥാനത്തെ ആശുപത്രികളിലെ അഗ്നിസുരക്ഷാ, വൈദ്യുത സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.































