വലിയകാവ് : കുടുംബശ്രീ വനിതകള്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉത്‌ബോധന ക്ലാസ് നടത്തി. പരിശീലനം ഗ്രാമ പഞ്ചായത്ത് അംഗം പി.എസ്.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. അപകടത്തിൽപ്പെട്ട് കിടക്കുന്ന രോഗിയെ എങ്ങനെ ദുരന്തമുഖത്ത് നിന്നും വാഹന സൗകര്യമുള്ള സ്ഥലത്തെത്തിക്കാം, പെട്ടെന്ന് കുഴഞ്ഞു വീഴുന്ന ആളിന് പ്രാഥമിക ചികിത്സ നൽകി ജീവിതത്തിലേക്ക് എങ്ങനെ തിരിച്ചെത്തിക്കാം, അടുക്കളയിൽ ഗ്യാസ് സിലിണ്ടർ ലീക്കായാൽ എന്ത് ചെയ്യണം, തുടങ്ങിയവ ഫയർഫോഴ്സ് റാന്നി യൂണിറ്റിലെ അസി. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. സന്തോഷ്കുമാർ ഉദാഹരണങ്ങൾ നേരിട്ട് കാണിച്ച് ക്ലാസെടുത്തു. അങ്ങാടി പഞ്ചായത്തിലെ വലിയ കാവ് വാർഡ് കുടുംബശ്രീ പ്രവർത്തകർക്കായാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയത്.
കുഴഞ്ഞു വീഴുന്ന രോഗിയെ സ്ട്രക്ചറിൽ കിടത്തി ആശുപത്രിയിൽ എത്തിക്കാൻ പാടില്ല. ഏത് തരത്തിൽ വീണോ അതേ പോസിഷനിൽ തന്നെ വേണം ആശുപത്രിയിലെത്തിക്കാൻ എന്നു സന്തോഷ്കുമാർ പറഞ്ഞു നിർത്തിയപ്പോഴേക്കുo സംശയവുമായി സ്ത്രീകൾ എഴുന്നേറ്റ് നിന്നു. എല്ലാ സംശയങ്ങൾക്കും മറുപടി ലഭിച്ച് പുത്തൻ പാഠങ്ങൾ ഉൾക്കൊണ്ട മനസുമായാണ് കുടുംബശ്രീ പ്രവർത്തകർ വീടുകളിലേക്ക് മടങ്ങിയത്. കുടുബശ്രീ ചെയർ പേഴ്സൺ ഓമന രാജൻ, ശ്യാമള ബാലൻ, കുഞ്ഞൂഞ്ഞമ്മ സൈമൺ, കെ.കെ.രാജി സുധാമണി, സാം മാത്യു . ബിനു, ആഷിഷ് കുരുവിള എന്നിവർ സംസാരിച്ചു.