തൃശൂര്‍: അഗ്നിസുരക്ഷാ അക്കാദമിയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരിശീലനം താല്‍ക്കാലികമായി നിര്‍ത്തി. ഇവിടെ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. മാര്‍ച്ച് അഞ്ചുമുതല്‍ 15 വരെ നടത്താനിരുന്ന അസി.സ്‌റ്റേഷന്‍ ഓഫീസര്‍ കോഴ്‌സ് പരീക്ഷകളും മാറ്റി. ഫയര്‍ അക്കാദമി അധികൃതരുടെ ജാഗ്രതക്കുറവു കൊണ്ടാണ് കോവിഡ് വ്യാപനമുണ്ടായതെന്നു പരാതിയുണ്ട്. ട്രെയിനിങ് നടത്താന്‍ മറ്റു സ്‌റ്റേഷനില്‍ നിന്നു ഇന്‍സ്‌ട്രെക്‌ടര്‍മാരെ എത്തിച്ചതും അവര്‍ സ്വന്തം വീടുകളിലേക്കു പോയി വന്നതും പ്രശ്‌നം സങ്കീര്‍ണമാക്കി. 60 ഓളം പേര്‍ക്കാണ് രോഗബാധ.
ആറായിരത്തോളം സിവല്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്കും ഇവിടെ പരിശീലനം നല്‍കി വരുകയാണ്. 2000 പേരുടെ പരിശീലനമാണ് ഇതുവരെ പൂര്‍ത്തിയായത്.
ഇവരെയൊക്കെ ഒരേസ്‌ഥലത്താണ് പരിശീലിപ്പിച്ചിരുന്നത്. ഇതു ക്രമവിരുദ്ധമാണെന്ന് പലകോണുകളില്‍ നിന്നും മുമ്പേ ചൂണ്ടിക്കാട്ടിയിരുന്നു. ദുരന്തമുഖങ്ങളില്‍ മാത്രം ഫയര്‍ഫോഴ്‌സിനെ സഹായിക്കുന്ന സിവില്‍ വളണ്ടിയേഴ്‌സിനെ കോവിഡ് കാലത്ത് പരിശീലനത്തിനു വിളിപ്പിച്ചതു ജീവനക്കാര്‍ക്കിടയിലും മുറുമുറുപ്പുണ്ടാക്കിയിരുന്നു.
മാനദണ്ഡം പാലിക്കാതെ കഴിഞ്ഞ 12 മുതലാണ് ഓരോ ബാച്ചിനുമായി ത്രിദിന പരിശീലനം തുടങ്ങിയത്. 120 ഓളം ഫയര്‍മാന്‍ ട്രെയിനികളും ഇവിടെയുണ്ടായിരുന്നു. കോവിഡ് ടെസ്‌റ്റുകള്‍ നടത്താതെയാണ് ചിലര്‍ക്ക് പരിശീലനം നല്‍കിയിരുന്നതെന്നും പറയുന്നു. ഈ നോട്ടക്കുറവു മൂലം ഇപ്പോള്‍ പരിശീലന പരിപാടി ഒന്നാകെ തടസപ്പെട്ടു. ഇനി നടക്കാനുള്ള അസി. സ്‌റ്റേഷന്‍ ഓഫീസര്‍ കോഴ്‌സും നിര്‍ത്തിവെച്ചു.
പി.എസ്.സി. വഴി വന്ന എസ്.ടി.ഒമാര്‍ കോടതിയില്‍ കേസ് നല്‍കിയതോടെയാണ് പരിശീലനം തുടങ്ങിയത്. സര്‍വീസ് നീണ്ടുപോകുമെന്നതിനെ തുടര്‍ന്നാണ് ഇവര്‍ നിയമപരമായി നേരിട്ടതെന്നു പറയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പരിശീലനം നടത്തേണ്ടതായിരുന്നു. കോവിഡ് വ്യാപനം സംബന്ധിച്ചു അശ്രദ്ധയുണ്ടായോ എന്ന കാര്യത്തില്‍ കലക്‌ടര്‍ അന്വേഷിക്കണമെന്ന ആവശ്യവുമുയര്‍ന്നു.