പത്തനംതിട്ട : കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗണില്‍ ഏറ്റവും കഷ്ടത അനുഭവിക്കുന്ന വിഭാഗമാണ് ജീവന്‍രക്ഷാ മരുന്നുകള്‍ ഉപയോഗിക്കുന്ന രോഗികളും അവരുടെ ഉറ്റവരും. ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിക്കാന്‍ മാര്‍ഗമില്ലാതെ വലഞ്ഞ ജീവിതങ്ങള്‍ക്ക് ആശ്വാസമാകുകയാണ് ജില്ലാ ഫയര്‍ഫോഴ്‌സ്. ജില്ലാ ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട, തിരുവല്ല, അടൂര്‍, റാന്നി, കോന്നി, അടൂര്‍ എന്നിവിടങ്ങളിലെ ആറ് ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് ജീവന്‍ രക്ഷാമരുന്നുകള്‍ അവശ്യക്കാരുടെ വീടുകളില്‍ നേരിട്ട് എത്തിച്ചുനല്‍കുന്നത്.
മരുന്നുകള്‍ ലഭിക്കാതെ വിഷമിക്കുന്നവര്‍ക്കും ഏത് അടിയന്തര സാഹചര്യത്തിലും വാഹനം ആവശ്യമായിവരുന്ന നിര്‍ധനരും ആലംബഹീനരുമായവര്‍ക്കും 101 ല്‍ വിളിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫയര്‍ഫോഴ്‌സിന്റെ സഹായം ആവശ്യപ്പെടാമെന്ന് ജില്ലാ ഫയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ വിനോദ്കുമാര്‍ പറഞ്ഞു.
മരുന്നുകള്‍ ആവശ്യമുള്ളവര്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, മരുന്നിന്റെ കുറിപ്പടി/ പ്രിസ്‌കൃപ്ഷന്‍ അടക്കം വാട്‌സ്ആപ്പ് ആയോ, മെയില്‍ ആയോ ഫയര്‍ഫോഴ്‌സിന്റെ സ്റ്റേറ്റ് കണ്‍ട്രോള്‍ ടീമിലേക്ക് അയക്കണം. കണ്‍ട്രോള്‍ ടീമിലെ പത്തുപേരടങ്ങിയ ടീം ആര്‍.സി.സി മുതലായ രോഗികളുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരെ നേരില്‍കണ്ടു മരുന്ന് വാങ്ങി ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫീസിലും ഇവിടെ നിന്ന് മറ്റുള്ള സ്റ്റേഷനുകളിലും എത്തിച്ച് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. ആവശ്യക്കാര്‍ക്ക് ബില്‍തുക മാത്രമാണ് ഈടാക്കുക. എന്നാല്‍ നിര്‍ധനരും ആലംബഹീനരുമായ ആളുകളില്‍ നിന്ന് പൈസാ ഇവര്‍ ഈടാക്കാറില്ല. അതിനുള്ള ചിലവ് സ്വന്തംനിലയ്ക്കും സിവില്‍ ഡിഫന്‍സ് വോളന്റിയേഴ്‌സില്‍ നിന്നുമാണു കണ്ടെത്തുന്നത്.
ജില്ലയിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അവശ്യമരുന്നുകള്‍ വീട്ടിലെത്തിക്കാന്‍ തുടങ്ങിയത് ഈ മാസം രണ്ടു മുതലാണെങ്കില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ ജില്ലയില്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ മരുന്നുവിതരണത്തില്‍ രംഗത്തുണ്ട്. എന്നാല്‍ ജില്ലയ്ക്ക് വെളിയില്‍ നിന്ന് മരുന്നെത്തിക്കാന്‍ കഴിഞ്ഞത് ഫയര്‍ഫോഴ്‌സ് ടീം ഇറങ്ങിയതിന് ശേഷമാണ്. ഇതുവരെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 48 കുടുംബങ്ങള്‍ക്ക് മരുന്നെത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഇതില്‍ 23 ഇടങ്ങളിലേയും മരുന്നുകള്‍ ജില്ലയ്ക്ക് പുറത്തുനിന്നും എത്തിച്ചവയാണ്. ക്യാന്‍സര്‍ രോഗികള്‍, ഹൃദ്‌രോഗികള്‍, ഡയാലിസിസ് ചെയ്യുന്നവര്‍ തുടങ്ങി ധാരാളംപേര്‍ക്ക് മരുന്ന് എത്തിച്ചു നല്‍കുന്നുണ്ട്.
കൂടാതെ പൊതുഇടങ്ങളായ ജില്ലയിലെ ബസ് സ്റ്റാന്‍ഡുകള്‍, ചന്തകള്‍, എ.ടി.എം കൗണ്ടറുകള്‍ തുടങ്ങി 473 ഇടങ്ങളിലും, 29 ആശുപത്രികളിലും, കോവിഡ് സ്ഥിരീകരിച്ച ആളുകള്‍ ഉണ്ടായിരുന്ന അഞ്ച് ഇടങ്ങളിലും അണുനശീകരണം നടത്തിയതുള്‍പ്പെടെ പിന്നെയും നീളുന്നു ജില്ലാ ഫയര്‍ഫോഴിന്റെ പ്രവര്‍ത്തനങ്ങള്‍. അതിഥി തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും 60 ല്‍ അധികം ഇടങ്ങളില്‍ കോവിഡ് ബാധാ ബോധവത്കരണവും ദിവസേന ബ്ലഡ് ഡോണേഴ്‌സ് കേരളയിലെ വോളന്റിയേഴ്‌സിന്റെകൂടി പിന്തുണയോടെ ജില്ലാ ആസ്ഥാനത്ത് വെയിലത്ത് ജോലിചെയ്യുന്ന പോലീസ് ഉള്‍പ്പെടെയുള്ള 500 പേര്‍ക്ക് റിഫ്രഷ്‌മെന്റ് ഡ്രിങ്ക് ഉള്‍പ്പെടെ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതും ഇവര്‍ കടമയായി നിര്‍വഹിക്കുകയാണ്.