പത്തനംതിട്ട : ജില്ലാ അഗ്‌നിശമന സേനാ വിഭാഗത്തിന് പുതിയ ട്രെയിനിംഗ് ഹാള്‍ നിര്‍മ്മിക്കുന്നതിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി വീണാ ജോര്‍ജ്ജ് എം.എല്‍.എ അറിയിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ സിവില്‍ ഡിഫന്‍സ് സേനാ അംഗങ്ങള്‍ക്കുള്ള പരിശീലനം, അഗ്‌നി ശമന സേനാ ജീവനക്കാരുടെ പരിശീലനം അടക്കമുള്ള പരിപാടികള്‍ക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളോടും കൂടിയാണ് പുതിയ ട്രെയിനിംഗ് ഹാള്‍ നിര്‍മ്മിക്കുക. നിലവിലുള്ള ഫയര്‍ സ്റ്റേഷന്‍ ഗ്യാരേജിന് മുകളിലാണ് ഇത് നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല.
നിലവിലെ ഫയര്‍ സ്റ്റേഷന്‍ ഗ്യാരേജിന് മുകളിലായി വൈദ്യുതീകരണം, ഇന്റീരിയര്‍ ഡെക്കറേഷന്‍, ഫ്‌ളോറിംഗ്, ഡൈനിംഗ് ഏരിയ തുടങ്ങി എല്ലാവിധ ആധുനിക സംവിധാനങ്ങളോടുംകൂടിയ ട്രെയിനിംഗ് സെന്ററാണ് നിര്‍മ്മിക്കുന്നത്.
ജില്ലാ ആസ്ഥാന നിലയം എന്ന നിലയില്‍ പത്തനംതിട്ട ഫയര്‍ സ്റ്റേഷനില്‍ അഗ്‌നിരക്ഷാ വകുപ്പിലെ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും നിരവധി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം രൂപം നല്‍കിയ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ക്കുള്ള സ്റ്റേഷന്‍ തല പരിശീലനവും ജില്ലാതല പരിശീലനവും ഇവിടെയാണ് നടത്തുന്നത്.
ഒട്ടനവധി അപര്യാപ്തതകള്‍ക്ക് നടുവിലായിരുന്നു നിലയത്തില്‍ പരിശീലനങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. പത്തനംതിട്ട ഫയര്‍ സ്റ്റേഷനില്‍ നടന്ന സിവില്‍ ഡിഫന്‍സ് പരിശീലന പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ വീണാ ജോര്‍ജ് എം എല്‍ എ യോട് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള സ്ഥലപരിമിതികള്‍ സംബന്ധിച്ച വിവരം സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് കെട്ടിട്ട വിഭാഗവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ആവശ്യമായ പരിശീലനങ്ങള്‍ സംഘടിപ്പിക്കത്തക്ക വിധം എല്ലാവിധ സൗകര്യങ്ങളോടുകൂടിയ ഒരു ട്രെയിനിംഗ് ഹാള്‍ നിര്‍മ്മിക്കുന്നതിനുവേണ്ട നിര്‍ദേശം നല്‍കുകയായിരുന്നു.