തിരുവനന്തപുരം: കോറോണ വൈറസ് കേരളത്തിലും പിടിമുറുക്കിയിരിക്കുന്ന ഈ സാഹചര്യത്തില്‍ വൈറസിനെ പ്രതിരോധിക്കാനായി തലസ്ഥാന നഗരം മുഴുവനും ഫയര്‍ഫോഴ്സ് അണുവിമുക്തമാക്കി. കിഴക്കേകോട്ടയും പത്മനാഭസ്വാമി ക്ഷേത്രനട ഉള്‍പ്പെടെ വിവിധ മേഖലകള്‍ രാവിലെതന്നെ ശുചീകരിച്ചു. അണുവിമുക്ത നടപടികള്‍ പൂര്‍ണ്ണമായും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് നടത്തുന്നത്.
കിഴക്കേക്കോട്ടയിലെ പോസ്റ്റ് ഓഫീസുകളും അണുവിമുക്തമാക്കിയിട്ടുണ്ട്. കൂടാതെ രോഗം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ അണുവിമുക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ ചാല പരിസരവും കരിമടം കോളനിയുമാണ് അണുവിമുക്തമാക്കിയത്. കൂടാതെ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ്, പട്ടം, സ്റ്റാച്യൂ, വെള്ളയമ്പലം, മ്യൂസിയം, കവടിയാര്‍ തുടങ്ങിയ സ്ഥലങ്ങളിലും കഴിഞ്ഞദിവസം അണുവിമുക്തമാക്കിയിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ കോളേജ് പരിസരവും ശുചിയാക്കിയിട്ടുണ്ട്. അണുവിമുക്തമാക്കല്‍ നടപടികള്‍ നടക്കുന്നത് സ്റ്റേഷന്‍ ഓഫീസര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ്.