വെള്ളറട : പറമ്പില്‍ കിടന്ന നാടന്‍ പടക്കം എടുക്കവെ പൊട്ടിത്തെറിച്ച് ഗൃഹനാഥന്റെ ഇടതുകൈയിലെ വിരലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോവില്ലൂര്‍ മീതി സ്വദേശി വിജയന്‍ കാണിയെയാണ് (62) നാടന്‍ പടക്കവും വെടിമരുന്നുമായി വെള്ളറട പോലീസ് പിടികൂടിയത്. കോവില്ലൂര്‍ വയലിങ്ങല്‍ റോഡരികത്ത് വീട്ടില്‍ ചന്ദ്രന്റെ (56) കൈവിരലുകളാണ് നഷ്ടപ്പെട്ടത്.
ഏതാനും ദിവസം മുന്‍പ് ടാപ്പിംഗിന് പോയിട്ട് വരികയായിരുന്ന ചന്ദ്രന്‍ പറമ്പില്‍ കിടന്ന നാടന്‍ പടക്കം എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയായ വിജയന്‍ കാണിയുടെ വീട്ടില്‍ നിന്ന് പടക്കവും വെടിമരുന്നും പോലീസ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് പിടിച്ചെടുത്ത പടക്കങ്ങള്‍ നിര്‍വീര്യമാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.