തൊടുപുഴ: നഗരമദ്ധ്യത്തിലെ ഫര്‍ണിച്ചര്‍ കടയിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. കൈതക്കോട് പുത്തന്‍വീട്ടില്‍ ബാദുഷയുടെ ഉടമസ്ഥതയില്‍ വെങ്ങല്ലൂര്‍ മുളയാനിക്കുന്നേല്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന ന്യൂറോണ്‍ ഫര്‍ണിച്ചര്‍ ഷോപ്പിലാണ് രാവിലെ ഒമ്പതേമുക്കാലോടെ തീ പിടുത്തമുണ്ടായത്. രാവിലെ കട തുറന്ന ജീവനക്കാരാണ് തീ പടര്‍ന്നു പിടിക്കുന്നത് കണ്ടത്. കടയിലുണ്ടായിരുന്ന ഫര്‍ണിച്ചര്‍ ഉപകരണങ്ങളും തടികൊണ്ടുള്ള ശില്‍പങ്ങളുമടക്കം കത്തി നശിച്ചു. തൊടുപുഴ സ്റ്റേഷനില്‍ നിന്ന് രണ്ടു യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. കെട്ടിടത്തിന്റെ ചില്ലുകളടക്കം കത്തി നശിച്ചു.
തൊട്ടടുത്ത് ബാങ്ക് ശാഖവരെയുണ്ടായിരുന്നെങ്കിലും മറ്റിടങ്ങളിലേക്കൊന്നും തീ വ്യാപിച്ചിട്ടില്ല. മുക്കാല്‍ മണിക്കൂര്‍ നേരത്തേ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തൊടുപുഴ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം.