ഇരിട്ടി : നവീകരിച്ച വാണിയപ്പാറ ഉണ്ണിമിശിഹ ദേവാലയ കൂദാശകര്‍മത്തിനിടെ പള്ളിക്കെട്ടിടത്തിന് തീപിടിച്ചു. ബുധനാഴ്ച ഉച്ച മൂന്നോടെയാണ് കൂദാശ കര്‍മം ആരംഭിച്ചത്. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പള്ളിക്കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ശേഷം പള്ളിക്കുള്ളില്‍ കടന്ന് വെഞ്ചരിപ്പിനുള്ള ഒരുക്കം നടത്തുന്നതിനിടെ തുടര്‍ച്ചയായി വൈദ്യുതിതടസ്സം സംഭവിച്ചിരുന്നു. ഇതിനിടെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു. ഈ സമയമാണ് പള്ളിയുടെ സീലിങ്ങിന് മുകളില്‍നിന്ന് തീയും പുകയും ഉണ്ടായത്. ഉടന്‍ വിശ്വാസികള്‍ പള്ളിയില്‍നിന്ന് പുറത്തിറങ്ങി. പള്ളിക്കുള്ളിലെ ഇരിപ്പിടങ്ങളും ഫര്‍ണിച്ചറുകളും പുറത്തെത്തിച്ചു.
ആളുകള്‍ സമീപത്തുനിന്ന് വെള്ളമെത്തിച്ച് തീ നിയന്ത്രണവിധേയമാക്കി. ഇരിട്ടി അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. സംഭവം നടക്കുമ്പോള്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, സണ്ണി ജോസഫ് എം.എല്‍.എ, മേഖലയിലെ വികാരിമാര്‍ തുടങ്ങിയവരും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ഇരിട്ടിയില്‍നിന്ന് രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീ പൂര്‍ണമായി അണച്ചു. പള്ളിയുടെ വെഞ്ചരിപ്പ് മേയ് 31ന് നടത്തും.