താമരശ്ശേരി : പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കാക്കവയലില്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വാതിൽ സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. കാക്കവയല്‍ ശ്രീ ശാസ്ത ഭഗവതി ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തില്‍ വിളക്ക് വെക്കാനെത്തിയവരാണ് മുൻവാതിലില്‍ തീ പുകയുന്നത് കണ്ടത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.
ക്ഷേത്രഭൂമിയില്‍ കഴിഞ്ഞദിവസം ക്ഷേത്ര കമ്മിറ്റിയുമായി ബന്ധമുള്ള സമീപവാസി മതില്‍ കെട്ടിയിരുന്നു. ഇത് ഒരുവിഭാഗം ചേര്‍ന്ന് തകര്‍ത്തു. ഇതിന് പിന്നാലെയാണ് ശ്രീ കോവില്‍ അഗ്നിക്കിരയാക്കിയത്. നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ ഭാഗമാണ് തീവെപ്പ് എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ക്ഷേത്രത്തിന്റെ നടത്തിപ്പ് കമ്മിറ്റിക്കാണെന്നും ഇത് കുടുംബസ്വത്താക്കാന്‍ ചിലർ ശ്രമംനടത്തുന്നുെണ്ടന്നും ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ കര്‍ശന നടപടി വേണമെന്നും ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് താമരശ്ശേരി ഇൻസ്പെക്ടർ ടി.എ അഗസ്റ്റിൻ പറഞ്ഞു.