ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വീണ്ടും സ്‌ഫോടനം. ശിവകാശിയിലെ ഗ്രാമത്തിലുള്ള കെ.ആര്‍ ഫയര്‍ വര്‍ക്ക്സിലാണ് പൊട്ടിത്തെറിയുണ്ടായത്. 9 തൊഴിലാളികള്‍ക്ക് ഗുരുതര പരിക്കേറ്റു. രണ്ട് ദിവസത്തിനിടെയുള്ള രണ്ടാമത്തെ ദുരന്തമാണിത്. ഇന്നലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മ്മാണ ശാലയിലും സ്‌ഫോടനം ഉണ്ടായിരുന്നു.
പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് കെ.ആര്‍ ഫയര്‍ വര്‍ക്ക്സിലെ ഒന്‍പത് പേരെയും ആശുപത്രിയിലേക്ക് മാറ്റിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കും. രക്ഷാ പ്രവര്‍ത്തനത്തിനായി ഫയര്‍ഫോഴ്‌സും പോലീസും പ്രദേശത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണോ പടക്ക നിര്‍മ്മാണശാല പ്രവര്‍ത്തിച്ചത് എന്നതടക്കം പരിശോധിക്കും.
ശിവകാശിക്ക് സമീപം സത്തൂറിലെ പടക്ക നിര്‍മ്മാണ ശാലയിലും ഇന്നലെ പൊട്ടിത്തെറിയുണ്ടായിരുന്നു. ഗര്‍ഭിണിയും കോളേജ് വിദ്യാര്‍ത്ഥിനിയും ഉള്‍പ്പെടെ 19 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അന്വേഷണത്തില്‍ അനധികൃതമായാണ് പടക്ക നിര്‍മ്മാണ ശാല പ്രവര്‍ത്തിച്ചത് എന്ന് കണ്ടെത്തി. അനുവദനീയമായതിലും കൂടുതല്‍ പേര്‍ ഇവിടെ ജോലി ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പടക്കനിര്‍മാണ ശാലയുടെ ലൈസന്‍സ് ഉടമ സന്താനമാരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്.