കൊച്ചി : ചരിത്രത്തിലാദ്യമായി ലക്ഷദ്വീപിന്റെ ചൂരമീൻ(ട്യൂണ) ജപ്പാനിലേക്കു പറക്കുന്നു. ലക്ഷദ്വീപിൽ നിന്ന് ബെംഗളൂരു എയർകാർഗോ വഴി ജപ്പാനിലേക്കു ട്യൂണ നേരിട്ടു കയറ്റുമതി ചെയ്യുന്ന പദ്ധതിക്കു പരിസ്ഥിതി ദിനത്തിൽ തുടക്കമായി. ഉയർന്ന ഗുണനിലവാരമുള്ള ലക്ഷദ്വീപ് ട്യൂണയ്ക്കു രാജ്യാന്തര വിപണി ലഭ്യമാക്കുന്നതിനുള്ള നിർണായക ചുവടുവെയ്പാണു ഭരണകൂടത്തിന്റേത്. നേരത്തെ ലഭിച്ചിരുന്നതിന്റെ ഇരട്ടിവിലയ്ക്കാണു കയറ്റുമതിക്കായി മത്സ്യം ഏറ്റെടുക്കുന്നത് എന്നതിനാൽ പദ്ധതി മത്സ്യത്തൊഴിലാളികൾക്കും വൻനേട്ടമാണ്.
ശീതീകരിച്ച 5 മെട്രിക് ടൺ ട്യൂണ പരീക്ഷണാടിസ്ഥാനത്തിൽ അഗത്തി വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്കും അവിടെ നിന്ന് ജപ്പാനിലേക്കും അയച്ചു. മത്സ്യം കൊണ്ടുപോകാനായി ബെംഗളൂരുവിൽ നിന്ന് എക്സ്ക്ലൂസീവ് കാർഗോ ഫ്ലൈറ്റ് ചാർട്ടർ ചെയ്ത് ഉപയോഗിക്കാനാണു നീക്കം. ബെംഗളൂരുവിൽ നിന്നു മറ്റ് അവശ്യവസ്തുക്കൾ നിറച്ചെത്തുന്ന വിമാനം ട്യൂണയുമായി മടങ്ങുന്ന രീതിയാണ് പരീക്ഷിക്കുന്നത്. സബ്സിഡി നിരക്കിൽ വിമാനം ലഭിക്കാൻ അലയൻസ് എയർ വിമാനക്കമ്പനിയുമായി ചർച്ച നടക്കുന്നുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ ലക്ഷദ്വീപ് ഭരണകൂടം ദ്വീപിലെ ട്യൂണ കയറ്റുമതിക്കാരുടെയും അനുബന്ധ വ്യവസായികളുടെയും യോഗം കൊച്ചിയിൽ വിളിച്ചു ചേർത്തിരുന്നു. കേരളത്തിനു പുറമേ കർണാടക, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള അൻപതോളം കയറ്റുമതിക്കാർ യോഗത്തിന്റെ ഭാഗമായി. ഇതിൽ പങ്കെടുത്ത ബെംഗളൂരു ആസ്ഥാനമായ സാഷ്മി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണു ജപ്പാനിലേക്കു നേരിട്ടു ട്യൂണ കയറ്റി അയയ്ക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്. അതോടെ പദ്ധതി യാഥാർഥ്യമാവുകയായിരുന്നു.
കമ്പനിയുടെ പ്രതിനിധികൾ മേയിൽ അഗത്തിയിലെത്തി മത്സ്യത്തൊഴിലാളികൾക്കും അവരുടെ സഹകരണ സംഘത്തിനും പാക്കേജിങ്ങിലും ചരക്കു കൈകാര്യം ചെയ്യുന്നതിലും ശാസ്ത്രീയ പരിശീലനം നൽകി. ഫിഷറീസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘത്തെ നടപടികൾ സുഗമമാക്കാൻ ഭരണകൂടം നിയോഗിച്ചു. സെപ്റ്റംബറോടെ സീസണു തുടക്കമാകുമ്പോൾ മത്സ്യത്തൊഴിലാളികളും കമ്പനികളും തമ്മിലുള്ള കരാറിലൂടെ എയർ കാർഗോ മത്സ്യ ശേഖരണ സംവിധാനമുള്ള കപ്പലുകൾ എന്നിവയിലൂടെ ട്യൂണ കയറ്റുമതി സുഗമമാക്കാനാണു ഭരണകൂടത്തിന്റെ നീക്കം.
രാജ്യാന്തര വിപണിയിൽ വൻ ഡിമാൻഡാണു ലക്ഷദ്വീപ് ട്യൂണയ്ക്കുള്ളത്. പൂർണമായും ജൈവപ്രദേശമായ ലക്ഷദ്വീപിൽ സമുദ്ര മലിനീകരണം തീരെയില്ലെന്നതും അലർജിക്കു കാരണമാകുന്ന ഹിസ്റ്റമൈൻ എന്ന രാസവസ്തുവിന്റെ സാന്നിധ്യം വളരെ കുറവാണെന്നതുമാണു ഇവിടെ നിന്നുള്ള യെല്ലോ ഫിൻ ട്യൂണയ്ക്കുൾപ്പെടെ പ്രിയമേറാൻ കാരണം. എന്നാൽ ലക്ഷദ്വീപിൽ നിന്ന് 400–500 കിലോമീറ്റർ അകലെ വൻകരയിലെത്തിച്ചുള്ള ട്യൂണ വിപണനം വെല്ലുവിളിയായിരുന്നു.
വൻ തോതിൽ യന്ത്രവൽകൃത മത്സ്യബന്ധനം നടത്തുന്ന കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളുമായി ലക്ഷദ്വീപുകാർക്കു മത്സരം സാധ്യമാകണമെങ്കിൽ പ്രീമിയം മാർക്കറ്റായി വിദേശ വിപണിയുടെ വാതിൽ തുറന്നു നൽകുക മാത്രമേ മാർഗമുള്ളൂ. ഇതിനുള്ള പരിശ്രമമാണ് ഇപ്പോൾ ഫലം കണ്ടത്. പ്രീമിയം വിപണി തുറന്നു നൽകുന്നതു വഴി മത്സ്യബന്ധന മേഖലയിൽ മികച്ച തൊഴിലവസരങ്ങൾ ലഭ്യമാകുകയും തൊഴിലാളികളുടെ ജീവിതനിലവാരം ഉയരുകയും ചെയ്യും. മുൻപ് മത്സ്യത്തൊഴിലാളികൾക്ക് 50–60 രൂപ വരെയാണു കിലോയ്ക്കു ലാഭം കിട്ടിയിരുന്നത്. എന്നാൽ കയറ്റുമതിക്കായി മത്സ്യം വാങ്ങുന്നത് 150 രൂപയ്ക്കാണെന്നതിനാൽ ഇരട്ടിയിലേറെ ലാഭം മത്സ്യത്തൊഴിലാളികൾക്കും ലഭിക്കും. ആറുമാസത്തിനുള്ളിൽ ഈ ലാഭം 300 രൂപ വരെ ഉയരുകയും ചെയ്യും.