ന്യൂഡല്‍ഹി: കോവിഡ് അതിവേഗം വ്യാപിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്. ബുധനാഴ്ച രാവിലെ എട്ടര വരെയുള്ള 24 മണിക്കൂറിനുള്ളില്‍ 5,611 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗവ്യാപനത്തില്‍ ഏഷ്യയില്‍ രണ്ടാമത് സൗദി അറേബ്യയാണ്. 2,509 പേര്‍. ഇറാന്‍(2,111) പാകിസ്താന്(1,841) ഖത്തര്‍(1,637) ബംഗ്ലാദേശ്(1,251) കുവൈത്ത്(1,073) എന്നിവയാണ് പ്രതിദിനം ആയിരത്തിലേറെ പേര്‍ രോഗബാധിതരാകുന്ന ഏഷ്യന്‍ രാജ്യങ്ങള്‍.
ഇതില്‍ പാകിസ്താനും ബംഗ്ലാദേശും ഇന്ത്യയുടെ അയല്‍ രാജ്യങ്ങളാണെന്നത് ഇന്ത്യന്‍ വന്‍കരയെ തന്നെ കോവിഡ് സാരമായി ബാധിക്കുമെന്ന ഭീതിയുയര്‍ത്തുന്നു. 24 മണിക്കൂറിലെ മരണവും ഇന്ത്യയിലാണ് കൂടുതല്‍. 146 പേര്‍ മരണത്തിന് കീഴടങ്ങി. 62 പേര്‍ മരിച്ച ഇറാനാണ് രണ്ടാമത്. പാകിസ്താന്(36) ഇന്തോനേഷ്യ(30) ബംഗ്ലാദേശ്(21) ജപ്പാന്‍(19) എന്നീ രാജ്യങ്ങളാണ് പ്രതിദിന മരണം രണ്ടക്കം തൊട്ടത്.