ടാറ്റ മോട്ടോഴ്‌സിൻ്റെ ഇലക്ട്രിക് കാറുകൾ വിപണിയിൽ ചലനം സൃഷ്‍ടിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ഏറ്റവും വലിയ ഇലക്ട്രിക് വാഹന ശ്രേണിയാണ് കമ്പനിക്കുള്ളത്. കുറച്ച് കാലം മുമ്പ് ഇലക്ട്രിക് എസ്‌യുവി ടാറ്റ പഞ്ച്, ഇലക്ട്രിക് ഹാച്ച്ബാക്ക് ടാറ്റ ടിയാഗോ ഇവി എന്നിവയുടെ വില കമ്പനി കുറച്ചിരുന്നു. ഈ ഉത്സവ സീസണിൽ തരംഗം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി ഇപ്പോൾ. മുമ്പ് വില കുറച്ചതിന് ശേഷം ഇപ്പോഴിതാ ഈ രണ്ട് മോഡലുകൾക്കും കമ്പനി ഇപ്പോൾ മികച്ച ക്യാഷ് ഡിസ്‍കൌണ്ടുകൾ വാഗ്ദാനം ചെയ്യുന്നു.
ടാറ്റ മോട്ടോഴ്‌സിൻ്റെ പഞ്ച് ഇലക്ട്രിക് എസ്‌യുവിക്ക് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 6,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കുന്നു. ഈ ഓഫർ 2023, 2024 മോഡലുകൾക്കാണ്. 10.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ടാറ്റ പഞ്ച് ഇവി അവതരിപ്പിച്ചത്.
എന്നാൽ കുറച്ച് മുമ്പ് കമ്പനി ഈ കാറിൻ്റെ വില ഒരു ലക്ഷം രൂപ കുറച്ചിരുന്നു. ഒരു ലക്ഷം രൂപ കിഴിവിന് ശേഷം ഈ വാഹനത്തിൻ്റെ പുതിയ വില ഇപ്പോൾ 9.99 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ 13.79 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയാണ്. 25kWh, 35kWh ബാറ്ററി ഓപ്ഷനുകളിൽ നിങ്ങൾക്ക് ഈ കാർ ലഭിക്കും. ഒരിക്കൽ പൂർണ്ണമായി ചാർജ് ചെയ്താൽ ടാറ്റ മോട്ടോഴ്‌സിൻ്റെ ഈ ഇലക്ട്രിക് എസ്‌യുവി യഥാക്രമം 265 കിലോമീറ്ററും 365 കിലോമീറ്ററും വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ടാറ്റ പഞ്ചിനെ കൂടാതെ ടിയാഗോയുടെ ഇലക്ട്രിക് പതിപ്പിന്‍റെ വില 40,000 രൂപയും നേരത്തെ കുറച്ചിരുന്നു. ഈ കുറവ് ഈ ഹാച്ച്ബാക്കിൻ്റെ ഏറ്റവും മികച്ച വേരിയൻ്റിനാണെന്ന കാര്യം ശ്രദ്ധിക്കുക. വില കുറച്ചതിന് ശേഷം ഇപ്പോൾ ഈ വാഹനത്തിന് 50,000 രൂപ വരെ ക്യാഷ് കിഴിവും 6,000 രൂപ വരെ കോർപ്പറേറ്റ് കിഴിവും ലഭിക്കുന്നതായി ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു. അതേ സമയം 19.2kWh വേരിയൻ്റിനൊപ്പം 10,000 രൂപ വരെ ക്യാഷ് ഡിസ്‍കൌണ്ടും ലഭിക്കും. ഈ ഇലക്ട്രിക് ഹാച്ച്ബാക്കിൻ്റെ വില 7.99 ലക്ഷം (എക്സ്-ഷോറൂം) മുതൽ 10.99 ലക്ഷം (എക്സ്-ഷോറൂം) വരെയാണ്. 19.2kWh, 24kWh ബാറ്ററി ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാകും, ഒരിക്കൽ ഫുൾ ചാർജ് ചെയ്താൽ ഈ വാഹനത്തിന് യഥാക്രമം 221 കിലോമീറ്ററും 275 കിലോമീറ്ററും വരെ റേഞ്ച് ലഭിക്കും.