തിരൂര്‍: മീന്‍വെള്ളം ദേഹത്തേക്ക് തെറിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. മത്സ്യവുമായി പൊന്നാനി ഭാഗത്തേക്ക് പോയ ലോറിയില്‍നിന്ന് മലിന ജലം മറ്റു വാഹന യാത്രക്കാരുടെ ദേഹത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. അമിത വേഗതയില്‍ പാഞ്ഞ ലോറിയെ യുവാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് വാഹനം നിര്‍ത്തിച്ചശേഷം ദുര്‍ഗന്ധമുള്ള വെള്ളം ലോറി ജീവനക്കാരുടെ മുഖത്തൊഴിച്ചു. ഇതിനെത്തുടര്‍ന്ന് സംഭവസ്ഥലത്ത് കയ്യാങ്കളിയും വാക്ക് തര്‍ക്കവുമുണ്ടായി.
അമിത വേഗത്തില്‍ ദുര്‍ഗന്ധം പരത്തി പായുന്ന ഇത്തരം ലോറികളുടെ പിന്നില്‍ മറ്റു വാഹനങ്ങള്‍ പെടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മീന്‍ കയറ്റി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ലോറിയില്‍ നിന്ന് പ്രത്യേക പൈപ് സ്ഥാപിച്ചാണ് റോഡിലേക്ക് മലിന ജലം ഒഴുക്കുന്നത്. ഇത്തരത്തിലുള്ള നൂറുകണക്കിന് വാഹനങ്ങളാണ് നിരത്തിലൂടെ ചീറിപ്പായുന്നത്.