തിരുവല്ല : ഉള്‍നാടന്‍ മത്സ്യമേഖലയില്‍ പരമാവധി മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പന്നിവേലിച്ചിറ ഹാച്ചറി, കവിയൂര്‍ ഐരാറ്റ് ഹാച്ചറി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അഞ്ചു കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത് 12 കോടിയിലെത്തിക്കാന്‍ സാധിക്കും. മത്സ്യ ഉത്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തതയിലെത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. നമ്മുടെ വരുമാനത്തിന്റെ 13 ശതമാനം മത്സ്യമേഖലയാണ്. ഇതില്‍ പ്രധാനമായുള്ളതും കടല്‍ മത്സ്യമാണ്. ഉള്‍നാടന്‍ മത്സ്യ മേഖലയില്‍ ആയിരങ്ങള്‍ക്ക് ജോലി നല്‍കാന്‍ നമുക്ക് സാധിക്കും. വലിയ തോതിലുള്ള സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കും. ഉള്‍നാടന്‍ മത്സ്യമേഖലയിലെ മത്സ്യ ഉത്പാദനത്തിനാകും ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന് മന്ത്രി പറഞ്ഞു.
കവിയൂര്‍ ഐരാറ്റ് ഹാച്ചറിയില്‍ രണ്ടു കോടി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതു സംബന്ധിച്ച് തിരുവല്ല എംഎല്‍എ അഡ്വ.മാത്യു ടി.തോമസുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യണമെന്നു മന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയാണ്. ജലസമ്പത്തുള്ള പ്രദേശങ്ങളിലെല്ലാം മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പാദനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.