പത്തനാപുരം: മത്സ്യം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ശാലേംപുരത്തെ വീടുകളിൽ ചികിത്സയിൽ കഴിയുന്നവരെ ജില്ലാ മെഡിക്കൽ ഓഫിസിലെ എപ്പിഡമോളജിസ്റ്റിന്റെ നേതൃത്വത്തിൽ വീടുകളിലെത്തി പരിശോധിച്ചു. എപ്പിഡമോളജിസ്റ്റ് പ്രിയങ്കയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. കഴിച്ച മത്സ്യത്തിന്റെ ബാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം വന്ന ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.
ഡിഎംഒ ഓഫിസിൽ നിന്നു പ്രത്യേക സംഘം ഇന്ന് ശാലേംപുരത്ത് സന്ദർശനം നടത്തും. കൈകാലുകൾ ചൊറിഞ്ഞു പൊട്ടി, രക്തം പൊടിഞ്ഞ്, നടുവിനു താഴേക്ക് തളർന്നു പോയ അവസ്ഥയിലാണ് മിക്കവരും. വസ് ത്രം ഇടാൻ പോലും കഴിയാത്ത ചൊറിച്ചിലാണ് എല്ലാവർക്കും. സംഘം തയാറാക്കിയ റിപ്പോർട്ട് ഇന്ന് ഡോക്ടർമാരുമായി ചർച്ച ചെയ്ത് തുടർചികിത്സയുടെ കാര്യത്തിൽ വ്യക്തത വരുത്തുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അംബിക പറഞ്ഞു.