ആലപ്പുഴ : വായ്പയെടുത്ത് മല്‍സ്യ കൃഷി ചെയ്ത വിദ്യാര്‍ത്ഥിയുടെ മീന്‍ കുളത്തില്‍ വിഷം കലക്കി സാമൂഹ്യവിരുദ്ധരുടെ ക്രൂരത. വളര്‍ച്ചയെത്തിയ നൂറുകണക്കിനു കരിമീനുളാണ് ചത്തുപൊങ്ങിയത്. അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. എടത്വ സെന്റ് അലോഷ്യസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയായ പച്ച കുഴുവേലിക്കളം ഷാരോണ്‍ ആന്റോ വര്‍ഗീസിന്റെ മല്‍സ്യക്കുളത്തിലാണ് സാമൂഹ്യവിരുദ്ധര്‍ കഴിഞ്ഞ രാത്രി വിഷം കലക്കിയത്. പഠനത്തിനും മറ്റാവശ്യങ്ങള്‍ക്കും വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വന്തമായി വരുമാനം കണ്ടെത്തണമെന്ന ലക്ഷ്യത്തോടെയാണ് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ ഷാരോണ്‍ മീന്‍ വളര്‍ത്തല്‍ ആരംഭിച്ചത്.
രണ്ട് മാസം പ്രായമായ 3500 കരിമീന്‍ കുഞ്ഞുങ്ങളോളമാണ് കുളത്തില്‍ ഉണ്ടായിരുന്നത്. മല്‍സ്യങ്ങള്‍ വളര്‍ച്ചയെത്തി വിളവെടുപ്പിന് തയ്യാറായിരിക്കുമ്പോഴാണ് കുളത്തില്‍ വിഷം കലക്കുന്നത്. മീനുകള്‍ മുഴുവന്‍ ചത്തതോടെ വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ് ഷാരോണും കുടുംബവും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോര്‍ജ്, വൈസ് പ്രസിഡന്റ് ജയിന്‍ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാര്‍ പിഷാരത്ത് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പോലീസിലും ഫിഷറീസ് വകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്.