തിരുവനന്തപുരം : കരമന പാലത്തിന് സമീപം മീന്‍ വിറ്റിരുന്ന തന്റെ മീനും പാത്രവും തട്ടിത്തെറിപ്പിച്ചത് പപോലീസുകാരന് തന്നെയാണെന്ന് ആവര്‍ത്തിച്ച് പരാതിക്കാരിയായ വലിയതുറ സ്വദേശിനി മരിയ പുഷ്പം. സാക്ഷിമൊഴികള്‍ അനുസരിച്ചും സ്ഥലം സന്ദര്‍ശിച്ച ഫൊറന്‍സിക് വിദഗ്ധരുടെ വിലയിരുത്തല്‍ അനുസരിച്ചും പരാതിക്കാരി തന്നെയാണ് മീന്‍ തട്ടിത്തെറിപ്പിച്ചതെന്നാണു പോലീസ് വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫോര്‍ട്ട് അസി.കമ്മിഷണര്‍ എസ്.ഷാജി സിറ്റി പോലീസ് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കി.
പോലീസ് അതിക്രമത്തിനെതിരെ മരിയ ഉള്‍പ്പെടെ പങ്കെടുത്ത പ്രതിഷേധ സമരവും ഇന്നലെ സെക്രട്ടറിയറ്റിനു മുന്നില്‍ നടന്നു. പോലീസ് സംഭവം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി സംഘടനകളും ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി.ശിവന്‍കുട്ടി ജില്ലാ ലേബര്‍ ഓഫിസറോട് നിര്‍ദേശിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നാണു പോലീസ് കഴിഞ്ഞ ദിവസം ഉറപ്പ് നല്‍കിയിരുന്നതെങ്കിലും ഒരു സിസിടിവിയും ആ ഭാഗത്ത് ഇല്ലെന്ന് ഫോര്‍ട്ട് എസി പറയുന്നു.
പോലീസിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തി. പ്രസിഡന്റ് ജാക്സണ് പൊള്ളയില് ധര്‍ണ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോകോളിന്റെ മറവില്‍ പോലീസ് നടത്തുന്ന അതിക്രമങ്ങള്‍ മത്സ്യത്തൊഴിലാളി സമൂഹത്തോടുള്ള തൊട്ടുകൂടായ്മയായേ കാണാന്‍ സാധിക്കൂയെന്ന് അദ്ദേഹം പറഞ്ഞു.