ചെങ്ങന്നൂർ : മത്സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും യഥാസമയം മറുപടിയും പരിഹാര നിർദേശങ്ങളും നൽകുന്നതിന് ഫിഷറീസ് വകുപ്പിന്റെ കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു. ഫിഷറീസ് മാസ്റ്റർ കൺട്രോൾ റൂം , കോൾ സെന്റർ എന്നിവയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിന്റെ സേവനം മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്നതാണ്. ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസപദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള മത്സ്യവിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് കോൾ സെന്ററിന് പുറമെ ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ഓഫീസിലെ 0471 2327796 എന്ന നമ്പറിലും വിവരം അറിയിക്കാം, ഇതിന് 24 മണിക്കൂറിനുള്ളിൽ നടപടി ഉണ്ടാവുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കടൽ സുരക്ഷാ സംബന്ധമായ അറിയിപ്പുകളും പരാതികളും കോൾ സെന്ററിൽ സ്വീകരിക്കുന്നതാണ്.
എട്ടു മണിക്കൂർ ലൈവായും പതിനാറ് മണിക്കൂർ റെക്കോർഡിങ് രീതിയിലായിരിക്കും പ്രവർത്തനം.
തിരുവനന്തപുരം ഫിഷറീസ് ഡയറക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഫിഷറീസ് ഡയറക്ടർ സി.എ.ലത ഐ.എ.എസ്. അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് അഡീഷണൽ ഡയറക്ടർ ശ്രീലു എൻ. എസ്. സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ എം.താജുദ്ദീൻ നന്ദിയും അറിയിച്ചു. കോൾ സെന്റർ നമ്പറുകൾ 0471 252500, ടോൾ ഫ്രീ നമ്പർ 18004253183.