മംഗളൂരു : മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളിക്ക് നേരെ ആക്രമണം. സഹ മത്സ്യത്തൊഴിലാളികളാണ് യുവാവിനെ മര്‍ദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കിയത്. മംഗളൂരുവിലെ തീരപ്രദേശമായ ബന്ദറിലാണ് സംഭവം. ആന്ധ്രാപ്രദേശുകാരനായ വൈല ഷീനു എന്ന തൊഴിലാളിയെയാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വീഡിയോയില്‍ ഷീനുവിന്റെ കാലുകള്‍ ബന്ധിച്ച് ക്രെയിനില്‍ തലകീഴായി തൂക്കിയ നിലയിലാണ്. സഹ മത്സ്യത്തൊഴിലാളികള്‍ ഷീനുവിനോട് മൊബൈല്‍ മോഷ്ടിച്ച കാര്യം സമ്മതിക്കാന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. തനിക്ക് വേദനിക്കുന്നുവെന്ന് ഷീനു പറയുന്നുണ്ടെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നു. ഫോണ്‍ മോഷ്ടിച്ചത് താനല്ലെന്ന് ഷീനു പറയുന്നുണ്ടെങ്കിലും കൂട്ടത്തിലൊരാള്‍ ഷീനുവിനെ ചവിട്ടുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കേസ് എടുത്തിട്ടുണ്ടെന്ന് മംഗളൂരു പോലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ പറഞ്ഞു.