കൊച്ചി: ആലപ്പുഴ കൊമ്മാടിയില്‍ റോഡിലെ കുഴിയില്‍ വീണ് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. ജില്ലാ കലക്ടര്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി പറഞ്ഞു. കളരിക്കല്‍ പ്ലാക്കില്‍ വീട്ടില്‍ ജോയ് (50) ആണ് മരിച്ചത്. സൈക്കിളില്‍ എത്തിയ മത്സ്യത്തൊഴിലാളി ഇരുട്ടില്‍ കുഴിയില്‍ വീഴുകയായിരുന്നു. പുതിയ കലുങ്ക് പണിയാനാണ് റോഡ് കുറുകെ പൊളിച്ചത്. ഈ കുഴിയില്‍ ജോയ് വീഴുകയായിരുന്നു.
സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിച്ചിരുന്നില്ല. അക്കാരണത്താല്‍ റോഡിലെ കുഴി ജോയുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. അപകടം നടന്നയുടനെ അധികൃതര്‍ സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചിരുന്നു. രാത്രി ഇതുവഴിയെത്തിയവരാണ് അപകടത്തില്‍പ്പെട്ടു കിടക്കുന്ന ജോയിയെ കണ്ടത്. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജോയി മരിച്ചിരുന്നു.