തിരുവനന്തപുരം:മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നിയമസഭയില്‍ കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എയുടെ ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തീരശോഷണം സംബന്ധിച്ചാണ് സമിതി പരിശോധിക്കുകയെന്നും മൂന്നുമാസത്തിനകം വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.മത്സ്യത്തൊഴിലാളികളുടെ ഏത് പ്രശ്‌നവും പരിഹരിക്കുന്നതിനും അവര്‍ക്കൊപ്പം നില്‍ക്കുന്നതാണ് സര്‍ക്കാരിന്റെ നയം. അത് എല്ലാകാലത്തും അങ്ങനെ തന്നെയാണ്. മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ ഒരു ഭിന്നതയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചില ഗൂഢലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ചില കേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്നു. അത് സര്‍ക്കാരിന് അംഗീകരിക്കാന്‍ സാധിക്കില്ല. ഏതുവിധേനയും സംഘര്‍ഷം ഉണ്ടാക്കാനുള്ള ചിലരുടെ നീക്കം അംഗീകരിക്കാനാകില്ല. സമരത്തിന് പിന്നില്‍ ചിലര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയാണ്. യാഥാര്‍ത്ഥ്യം മനസ്സിലാക്കി ബന്ധപ്പെട്ടവര്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
മണ്ണെണ്ണയുടെ വിലക്കയറ്റം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ളതല്ല. വിഷയം കേന്ദ്രസര്‍ക്കാരിനെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രം നടപടി കൈക്കൊള്ളുമെന്ന് കരുതുന്നില്ല. മണ്ണെണ്ണ ഇതര യാനങ്ങളാണ് ഇതിന് ശാശ്വത പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നത് സര്‍ക്കാരിന് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഒരു പഠനത്തിലും പദ്ധതിയുടെ ഭാഗമായാണ് തീരശോഷണം എന്നുള്ളത് കണ്ടെത്തിയിട്ടില്ല. പദ്ധതി കാരണമാണ് തീരശോഷണം എന്നത് അടിസ്ഥാനരഹിതമായ വാദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എയുടെ ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം എന്നത് സര്‍ക്കാരിന് അംഗീകരിക്കാന്‍ സാധിക്കില്ല. സമരക്കാരുമായും അവരുടെ ആശങ്കകള്‍ സംബന്ധിച്ചും സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരുന്നു. ചര്‍ച്ചകളുമായി അവര്‍ പൂര്‍ണമായും സഹകരിക്കുന്നുവെന്നും പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പുനരധിവാസത്തിന്റെ ഭാഗമായി വാടകവീട്ടിലേക്ക് മാറ്റുന്നവര്‍ക്ക് 5500 രൂപ വാടക നല്‍കും. വീടുകളുടെ നിര്‍മ്മാണം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. ഉചിതമായ തീരസംരക്ഷണം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.