കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മീന്‍ പിടിക്കാന്‍ പോയ രണ്ടു ആണ്‍കുട്ടികളെ തലയറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പ്രദേശത്തെ യുവാക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അവരുടെ മേഖലയില്‍ മീന്‍ പിടിക്കുന്നതിനെതിരെ ആണ്‍ കുട്ടികള്‍ക്ക് നേരെ യുവാക്കളുടെ സംഘം വധഭീഷണി മുഴക്കിയിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
മുര്‍ഷിദാബാദ് ജില്ലയിലെ ബെര്‍ഹാംപുരിലാണ് സംഭവം. ബന്ധുക്കളായ മഞ്ജാറുല്‍ ഷെയ്ക്കിനെയും തന്‍ജാറുല്‍ ഷെയ്ക്കിനെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പശ്ചിമ ബംഗാളിലെ കനത്തമഴയെ തുടര്‍ന്ന് കൃഷിയിടങ്ങളും ചതുപ്പുപ്രദേശങ്ങളും വെളളത്തിന്റെ അടിയിലാണ്. കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിന് മീന്‍ പിടിക്കാന്‍ പോയ കൗമാരക്കാരാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്.
കനത്തമഴയെ തുടര്‍ന്ന് വെളളത്തില്‍ മുങ്ങിയ ഹിജാലര്‍ പ്രദേശത്തേക്ക് വെളളിയാഴ്ച രാവിലെയാണ് കുട്ടികള്‍ മീന്‍ പിടിക്കാന്‍ പോയത്. സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇന്നലെ രാവിലെയാണ് തലയറുത്ത നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രോഷാകുലരായ നാട്ടുകാര്‍ പ്രതികള്‍ എന്ന് സംശയിക്കുന്ന നാല് പ്രദേശവാസികളെ കൈകാര്യം ചെയ്തു. പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുന്നതിന് മുന്‍പാണ് ഇവരെ മര്‍ദ്ദിച്ചത്.