പത്തനംതിട്ട : അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട മുന്നൊരുക്കം സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ കെട്ടിടത്തിന് തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം. വിദ്യാലയങ്ങള്‍ക്ക് സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍, ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കും. സ്‌കൂളിനടുത്തുള്ള ജലാശയങ്ങള്‍ക്ക് സുരക്ഷാ ഭിത്തിയുണ്ടാകണം. പരിസരത്തെ അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം. ഇഴജന്തുക്കള്‍ കയറാന്‍ സാധ്യതയുള്ള ഇടങ്ങള്‍ പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തും.
കുട്ടികളുടെ യാത്രയില്‍ സുരക്ഷാ മാനദണ്ഡം പാലിക്കണം. റോഡിനിരുവശവും കൃത്യമായ ഇടവേളകളില്‍ സ്പീഡ് ബ്രേക്കര്‍/ഹമ്പുകള്‍ സ്ഥാപിക്കും. റെയില്‍ ക്രോസിന് സമീപമുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അപകടരഹിതമായി ട്രാക്ക് മുറിച്ചു കടക്കുന്നതിനുള്ള സംവിധാനം ഒരുക്കും. സ്‌കൂള്‍ പരിസരത്തെ കടകളില്‍ പൊലിസും എക്സൈസും കൃത്യമായ പരിശോധന നടത്തും. കുട്ടികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ അധ്യാപകര്‍ രക്ഷിതാക്കളെ വിളിച്ച് വിവരം അന്വേഷിക്കണം.
പി.ടി.എ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പൂര്‍വവിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ സ്‌കൂളും പരിസരവും വൃത്തിയാക്കണം. കുടിവെള്ള ടാങ്ക്, കിണര്‍, മറ്റ് ജലസ്രോതസുകള്‍, സ്‌കൂള്‍ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങള്‍ എന്നിവ അണുവിമുക്തമാക്കണം. കാലാവധി കഴിഞ്ഞ ഭക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് പ്രധാനാധ്യാപകര്‍ ഉറപ്പു വരുത്തണം. പാചക തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. സ്‌കൂള്‍ തുറക്കുന്ന ദിവസം ഉച്ചഭക്ഷണ വിതരണം ആരംഭിക്കും.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. സ്‌കൂള്‍ തുറക്കുന്ന ദിവസം മുതല്‍ വിദ്യാവാഹിനി പദ്ധതി ആരംഭിക്കും. സ്‌കൂള്‍ ബസിന്റെ ഫിറ്റ്നസ്, വാഹനത്തില്‍ കയറ്റാവുന്ന കുട്ടികളുടെ എണ്ണം മുതലായവ സംബന്ധിച്ച് മോട്ടോര്‍വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കണം. കുട്ടികളുടെ യാത്രാ സമയങ്ങളില്‍ ഹെവി വാഹനങ്ങള്‍ നിയന്ത്രിക്കും. കെ.എസ്.ആര്‍.ടി.സി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യം, പോലീസ്, കെ.എസ്.ഇ.ബി, എക്സൈസ്, സാമൂഹ്യനീതി, വനിതാ ശിശു വികസനം, പട്ടിക വര്‍ഗം, വനം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തി സ്‌കൂള്‍തല യോഗം ചേരണം. വനം-തോട്ടം മേഖലകളിലെ കുട്ടികള്‍ സ്‌കൂളിലേക്ക് സഞ്ചരിക്കുന്ന പാതയിലെ കുറ്റിക്കാടുകള്‍ വെട്ടി മാറ്റുകയും വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളയിടങ്ങളില്‍ സംരക്ഷണ വേലി കെട്ടി സുരക്ഷാ സംവിധാനം ഒരുക്കാനും തദ്ദേശ സ്വയംഭരണം, വനംവകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലാ പോലീസ് മേധാവി വി.ജി വിനോദ്കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി.ആര്‍ അനില, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.